പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമണം; കുട്ടിക്ക് രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും
പെരിന്തൽമണ്ണ: പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമിക്കപ്പെട്ട് തുടയെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ പന്ത്രണ്ടുകാരന് രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും. എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണ്ടിവരും.
തുടയെല്ലിലിട്ട കമ്പി ഒരുവർഷത്തിനുശേഷമേ നീക്കാനാകൂവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകിയ ഡോ. ഷക്കീബ് പറഞ്ഞു. ഇടത്തേകാലിലെ തുടയെല്ല് രണ്ടുവശങ്ങളിലായി പൊട്ടിയിരുന്നു. ഇതിനാണ് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലോടെ വാഴേങ്കട ബിടാത്തി കളത്തിൽകുണ്ട് റോഡിലായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം പന്തുകളിക്കാൻ പോയി മടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിൽനിന്നൊരാൾ ആരാണ് വീട്ടിലേക്കു കല്ലെറിഞ്ഞതെന്ന് ചോദിക്കുകയും മർദിക്കുകയുമായിരുന്നു. വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടിയപ്പോൾ പിന്നാലെ സ്കൂട്ടർ ഓടിച്ചുവന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് കുട്ടി പോലീസിൽ നൽകിയ മൊഴി. ഇതേത്തുടർന്ന് അറസ്റ്റിലായ വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫിനെ(49) കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.