ബൈക്കിലെത്തി വൃദ്ധരേയും സ്ത്രീകളേയും കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ, ഓരോ മോഷണത്തിനും കൂലിയായി ലഭിച്ചിരുന്നത് ആയിരം രൂപ
പൂവാർ: ബൈക്കിലെത്തി വൃദ്ധരെയും സ്ത്രീകളെയും കൊള്ളയടിക്കുന്ന 19കാരൻ അറസ്റ്റിൽ. കരുംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജിയാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. ഇയാൾ പ്ലസ് ടു വിദ്യാർത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വർഗീസിനായുള്ള തെരച്ചിൽ ഊർജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെ ഇവർ കൊള്ളയടിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30ഓടെ വഴിയാത്രക്കാരി കരിച്ചൽ ചാവടി സ്വദേശി ഉഷയുടെ 2500 രൂപയും മൊബൈൽ ഫോൺ അടങ്ങിയ പഴ്സും ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ കരിച്ചൽ സ്വദേശി 82കാരൻ സാമുവലും വെള്ളിയാഴ്ച കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കോട്ടുകാൽ പുന്നവിള മാവിള വീട്ടിൽ യശോദ(65) ബാങ്കിൽ നിന്ന് വീണ്ടെടുത്ത പണയാഭരണമായ നാല് പവനും 9,000 രൂപയും മൊബൈൽ ഫോൺ അടങ്ങിയ പഴ്സും ഇവർ കവർന്നു. സി.സി.ടി.വി ഇല്ലാത്ത വിജനമായ പ്രദേശമാണ് ഇവർക്ക് പിടിച്ചുപറിക്ക് തിരഞ്ഞെടുക്കുന്നത്. പൊലീസ് അന്വേഷണത്തിനിടെ സംശയകരമായി കണ്ട പ്രതിയെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.
ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പിടിച്ചുപറിയുടെ ചുരുളഴിച്ചത്. ഓരോ മോഷണത്തിനും 1000 രൂപവീതം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.