ഗുരുവായൂരിൽ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കാസർകോട് സ്വദേശികൾ
തൃശൂർ: അയൽവാസികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വേറെ വിവാഹം കഴിച്ചവരായ കാസർകോട് മുഹമ്മദ് ഷെരീഫ് (40), അയൽവാസിയായ സിന്ധു(36) എന്നിവരാണ് തൂങ്ങിമരിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 12 ദിവസങ്ങൾക്ക് മുൻപ് സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ രാജപുരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. ജനുവരി ഏഴിനാണ് ഇരുവരും നാടുവിട്ടത്.ഓട്ടോറിക്ഷാ ഡ്രൈവറായ ഷെരീഫ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇരുവരും ഏറെനാളായി സൗഹൃദത്തിലായിരുന്നതായി വിവരമുണ്ട്.കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് ഇവർ ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. പിറ്റേന്ന് ഉച്ചയായിട്ടും പുറത്തേക്ക് വരാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.