കാസര്‍കോട്: പന്ത്രണ്ട് വയസുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ഷേത്രത്തിലെ വെളിച്ചപ്പാട് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. ഒരു ചടങ്ങിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ വെളിച്ചപ്പാട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. കാസര്‍കോട്ടെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായതെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ജനറല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയമാക്കുകയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം കുറ്റാരോപിതനെ പോലീസ് രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന പരാതി ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പ്രതി സിപിഎം ആഭിമുഖ്യമുള്ള കുടുംബത്തില്‍ പെട്ടയാളാണെന്നും അതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടി കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും കുറ്റിക്കല്‍ പഞ്ചായത്ത് മെമ്പറും ആയ ജോസഫ് പറത്തട്ടേല്‍ ആരോപിച്ചു. വെളിച്ചപ്പാട് തന്നെ ലൈംഗികമായി അതിക്രമിച്ചെന്ന് പെണ്‍കുട്ടി വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജോസഫ് പാറത്തേട്ട് പറഞ്ഞു.
കൊച്ചു കുട്ടി ആയതിനാല്‍ പീഡിപ്പിച്ചത് ആരാണെന്നുള്ള പേര് പറയാന്‍ സാധിക്കാത്തത് ആകാമെന്നും സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ഇദ്ദേഹം ചോദിക്കുന്നു. ഒരു കൊച്ചു കുട്ടിക്കെതിരെയാണ് അതിക്രമം നടന്നതെന്നും കേവലം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവള്‍ക്ക് നിഷേധിക്കരുതെന്നും അദ്ദേഹം പരഞ്ഞു.
അതേസമയം പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയാണ് സംഭവിച്ചതെന്നും ബദിയടുക്ക പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഉത്തം ദാസ് പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പെണ്‍കുട്ടി ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. അതിനാല്‍ എഫ് ഐ ആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെളിച്ചപ്പാടിനാല് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടിയും അവളുടെ അമ്മയും വെളിപ്പെടുത്തിയതായി പെണ്‍കുട്ടിയെ പരിചരിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ മോഹനന് പറയുന്നുണ്ട്.