യുഎഇയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍; വിസകള്‍ക്കും എമിറേറ്റ്സ് ഐഡിയ്ക്കും ഇനി ചെലവേറും
അബുദാബി: യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന വിസകളുടെ ഫീസിന് വര്‍ദ്ധനവുണ്ടാകുമോയെന്ന് വ്യക്തമല്ല. എമിറേറ്റ്സ് ഐഡി ഇഷ്യൂ ചെയ്യുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് 270 ദിര്‍ഹമായിരുന്നു. ഇത് ഇനി മുതല്‍ 370 ദിര്‍ഹമായിരിക്കും.
ഒരു മാസം കാലാവധിയുള്ള സന്ദര്‍ശക വിസയുടെ ഫീസും 270 ദിര്‍ഹത്തില്‍ നിന്ന് 370 ദിര്‍ഹമായി ഉയരും. ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ പുതിയ ഫീസ് നിരക്കാണ് ഈടാക്കുന്നതെന്ന് ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ അറിയിച്ചു.
യുഎഇയില്‍ വിസ, താമസ മേഖലകളില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്ന നിരവധി മാറ്റങ്ങളുടെ ഭാഗമാണ് ഫീസ് നിരക്കുകളിലും ഉണ്ടായിരിക്കുന്നത്. നിലവില്‍ വിസിറ്റ് വിസകള്‍ രാജ്യത്തിന് പുറത്തുപോകാതെ പുതുക്കാനുള്ള സംവിധാനം നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിസാകാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള ഓവര്‍ സ്റ്റേ ഫൈനുകളും 50 ദിര്‍ഹമാക്കി ഏകീകരിച്ചു. ടൂറിസ്റ്റ് വിസകളില്‍ രാജ്യത്ത് വരുന്നവര്‍ക്ക് നേരത്തെ 100 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍ എങ്കില്‍ ഇപ്പോള്‍ അത് 50 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ വിസകളിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈന്‍ 25 ദിര്‍ഹത്തില്‍ നിന്ന് 50 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വിസാ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും ഈ നിരക്കില്‍ ഫീസ് നല്‍കണം.
ഗോള്‍ഡന്‍ വിസാ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍, അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍, തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിസകള്‍ തുടങ്ങിയവയെല്ലാം പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി വന്നതാണ്.