സുനാമി ഇറച്ചി വിറ്റ കേന്ദ്രവുമായി കൊച്ചിയിലെ നൂറിലേറെ ഹോട്ടലുകൾക്ക് ബന്ധം
കൊച്ചി: കൊച്ചിയിലെ വിവാദ സുനാമി ഇറച്ചി വിൽപ്പന കേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ട് ഒന്നര വർഷം. കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്ന് തുടർച്ചയായി ഇറച്ചി വിതരണം ചെയ്തതിന്റെ രേഖകൾ കളമശ്ശേരി നഗരസഭയ്ക്ക് കിട്ടി. പൊലീസ് റെയ്ഡിന്റെ കണക്ക് കൂടി ചേരുമ്പോൾ സുനാമി ഇറച്ചി കേന്ദ്രവുമായി കൊച്ചിയിലെ നൂറിലധികം ഹോട്ടലുകൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. കൊച്ചി നഗരത്തിലെ പ്രധാന ഹോട്ടലുകളുമായെല്ലാം ഇടപാടുകളുള്ളതാണ് ഈ ഇറച്ചി വിൽപ്പന കേന്ദ്രം. സുനാമി ഇറച്ചി വിൽപ്പനക്കാരുമായി ഹോട്ടലുകൾക്കുള്ള ബന്ധം വ്യക്തമായപ്പോൾ കൊച്ചിക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
അഴുകിയ 500 കിലോ ഇറച്ചി പിടിച്ചെടുത്ത കളമശേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പൊലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. സുനാമി ഇറച്ചി സൂക്ഷിച്ച മണ്ണാർക്കാട് സ്വദേശി ജുനൈസിന് നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളിൽ ഫോണിൽ പ്രതികരിച്ചിരുന്ന ജുനൈസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാളെ പിടിച്ചാലേ സുനാമി ഇറച്ചിയുടെ ഉറവിടവും, ഏതെല്ലാം ഇടങ്ങളിൽ വിതരണം ചെയ്തുവെന്നും വ്യക്തമാകൂ. ഇതിനിടെ സുനാമി ഇറച്ചി കേന്ദ്രവുമായി ബന്ധമില്ലെന്നും ഇവിടെ നിന്ന് ഇറച്ചി വാങ്ങിയിട്ടില്ലെന്നും ബേക്കേഴ്സ് അസോസിയേഷൻ കേരള അറിയിച്ചു.