കൈ തുന്നിച്ചേര്‍ക്കാനായില്ല; പ്രതിസന്ധിയില്‍ അസ്ലമിന്റെ കുടുംബം
സുല്‍ത്താന്‍ ബത്തേരി: ബസ് യാത്രക്കിടയില്‍ വൈദ്യുതിത്തൂണിലിടിച്ച് കൈ അറ്റുപോയ അസ്ലമിന്റെ കുടുംബം അപ്രതീക്ഷിത വെല്ലുവിളിയില്‍ പകച്ചുനില്‍ക്കുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസ്ലമിന്റെ കൈ തുന്നിച്ചേര്‍ക്കാനായില്ല. മുറിഞ്ഞുപോയ ഭാഗം ചതഞ്ഞതാണ് പ്രശ്നം. ശസ്ത്രക്രിയ ചെയ്ത് കൂട്ടിയോജിപ്പിച്ചാല്‍ പഴുപ്പ് ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.ബത്തേരി കേരള അക്കാദമിയിലെ വിദ്യാര്‍ഥിയായ അസ്ലം രാവിലെ ക്ലാസില്‍ പോകുമ്ബോള്‍ ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെ ചുള്ളിയോട് അഞ്ചാംമൈലിന് സമീപമാണ് അപകടമുണ്ടാകുന്നത്. റോഡുപണി നടക്കുന്നതിനാല്‍ ഒരുവശത്തുകൂടി മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു.
കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാവുന്ന ഭാഗത്തുവെച്ച് സ്കൂട്ടര്‍ യാത്രക്കാരന് സൈഡ് കൊടുത്തപ്പോള്‍ ബസ് വൈദ്യൂതി തൂണിനോട് ഉരസി, ഉരസിയില്ല എന്ന രീതിയിലാണ് കടന്നുപോയത്. ഇതിനിടയില്‍ കുഴി കാരണം ബസ് ആടിയുലഞ്ഞു. സൈഡ് സീറ്റില്‍ ഇരുന്ന അസ്ലമിന്റെ ഇടതു കൈ ബസിന്റെ ഉലയലില്‍ പുറത്തേക്ക് തെന്നി തൂണിലിടിക്കുകയായിരുന്നു. ഉടന്‍ അസ്ലമിനേയും നിലത്തു വീണ കൈയും പ്ലാസ്റ്റിക് കൂട്ടിലാക്കി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും കൊണ്ടുപോകുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് വൈദ്യൂതി തൂണുകള്‍ റോഡിലേക്ക് തള്ളിനില്ക്കുന്ന നിലയില്‍
റോഡിന്റെ വീതികൂട്ടിയിട്ടും വൈദ്യുതി തൂണ് മാറ്റി സ്ഥാപിക്കാന്‍ വൈകിയതാണ് അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. റോഡ് വീതികൂട്ടിയതോടെ വൈദ്യുതി തൂണ് ഏതാണ്ട് നടുവിലായാണ് നില്‍ക്കുന്നത്. വൈദ്യുതി തൂണുകള്‍ നീക്കം ചെയ്യാനുള്ള കരാര്‍ ഒരുമാസം മുമ്ബ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പണി ആരംഭിച്ചിട്ടില്ല.
അധികൃതരുടെ അനാസ്ഥയാണ് ഇപ്പോള്‍ അസ്ലമിന്റെ കൈ അറ്റുപോകുന്ന സംഭവത്തിന് പ്രധാനമായും കാരണമായതെന്നാണ് ആരോപണം. വൈദ്യുതി തൂണ് മാറ്റി സ്ഥാപിക്കുന്നത് വൈകിയാല്‍ ഇനിയും ഇത്തരം അപകടം ആവര്‍ത്തിക്കും. അസ്ലമിന്റെ പിതാവ് അസൈനാര്‍ ആനപ്പാറയില്‍ ഇലക്ട്ട്രിക്കല്‍ ജോലി ചെയ്യുന്ന ആളാണ്. മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ല. ഉമ്മയും ഒരു സഹോദരിയും അടങ്ങുന്നതാണ് കുടുംബം.