അതിഥിതൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ച; പിടിയിലായത് നിരവധി കേസിലെ പ്രതി
ബേപ്പൂർ: അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച് പണംകവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി അബ്ദുൾഖാദർ (42), ബേപ്പൂർ പൂന്നാർവളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (33) എന്നിവരാണ് പിടിയിലായത്. ബേപ്പൂർ ഇൻസ്പെക്ടർ വി. സജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഷാഹുൽ ഈയിടെയാണ് ജയിൽ മോചിതനായത്.തുടർന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവർച്ച നടത്തിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായിട്ടുള്ള ഷാഹുൽ ഹമീദ് കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പോലീസിൻ്റെ പിടിയിലായിരുന്നു.
ഷാഹുലിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചെങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അന്വേഷണസംഘത്തിൽ ബേപ്പൂർ എസ്.ഐ. ഷുഹൈബ്, എ.എസ്.ഐ.മാരായ ലാലു, ദീപ്തിലാൽ, സീനിയർ സി.പി.ഒ.മാരായ ജിതേഷ്, സജേഷ്, സി.പി. നിധിൻരാജ്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, സുമേഷ് ആറോളി, അർജുൻ, എ.കെ. രാജേഷ്, ചൈതന്യം എന്നിവർ ഉണ്ടായിരുന്നു.