മുംബയ്-ഗോവ ദേശീയപാതയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, മൂന്ന് സ്ത്രീകളും കുഞ്ഞുമടക്കം ഒൻപത് പേർക്ക് ദാരുണാന്ത്യം
മുംബയ്: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് മരണം. മുംബയ്- ഗോവ ദേശീയപാതയിൽ റെയ്ഗാദ് ജില്ലയിൽ രെപോളി ഗ്രാമത്തിന് സമീപത്തായി ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടുന്നു.
മുംബയിലേയ്ക്ക് പോവുകയായിരുന്ന ട്രക്കും മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഗുഹഗറിലേയ്ക്ക് പോവുകയായിരുന്ന മാരുതി സുസുക്കി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അഞ്ച് പുരുഷൻമാരും മൂന്ന് സ്ത്രീകളും ഒരു കുഞ്ഞുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ എല്ലാവരും ഗുഹഗറിലെ ഹെദ്വി ഗ്രാമത്തിൽ നിന്നുള്ളവരാണ്.
मुंबई-गोवा हाईवे पर कार और ट्रक में आमने-सामने की टक्कर, 9 लोगों की मौत, 4 साल का मासूम घायल#Mumbai #mumbaigoahighway #mumbaiaccident pic.twitter.com/eaXCvwLkPq
— Avinash Pandey (@Pandey4Avinash) January 19, 2023
സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.