അക്കൗണ്ടുകളിലെത്തിയത് 130 കോടിയിലേറെ; കണ്ണൂരില് റാണ പറ്റിച്ചവരില് അധ്യാപകരും, തട്ടിയത് 25 ലക്ഷം
കണ്ണൂർ താലൂക്കിലെ ഒരു സ്കൂളിലെ അഞ്ച് അധ്യാപകർക്കും കൂടി 25 ലക്ഷമാണ് നഷ്ടപ്പെട്ടത്
തൃശ്ശൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെയും മറ്റും ബാങ്ക് അക്കൗണ്ടുകളിലേക്ക് 130 കോടിയിലേറെ രൂപ എത്തിയതിന് അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചു. എന്നാൽ, നിലവിൽ അക്കൗണ്ടിലുള്ളത് ലക്ഷങ്ങൾമാത്രം. ബാക്കി തുക എവിടെയെന്ന അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.
മുപ്പതിലേറെ അക്കൗണ്ടുകളിലായാണ് കോടികൾ വന്നത്. നിധി, ഐ.ടി., ഫിലിം ഫാക്ടറി തുടങ്ങി പലവിഭാഗങ്ങളിലേക്കായിരുന്നു ഈ വരവ്. അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലും ലക്ഷങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, നിലവിൽ ഇവ മിക്കതും കാലിയാണ്. അപൂർവം ചിലതിൽ മാത്രമാണ് ഏതാനും ലക്ഷങ്ങളുള്ളത്. ഈ അക്കൗണ്ടുകളെല്ലാം പോലീസ് മരവിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിലെ പബ്ബിൽ 16 കോടിയോളം രൂപ ഇയാൾ മുതൽമുടക്കിയെന്ന് മുമ്പ് വ്യക്തമായിരുന്നു. ഇതു കൂടാതെ 24 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഭൂമിക്ക് എല്ലാംകൂടി ആധാരത്തിൽ ഒരുകോടിക്കു മുകളിൽ മാത്രമാണ് കാണിച്ചിരിക്കുന്നത്. എന്നാലും ബാക്കി തുക എവിടെയെന്ന സംശയം നിലനിൽക്കുന്നു.
അതേസമയം റാണയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു. കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. പത്തുദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇതിനായി അപേക്ഷ നൽകിയത്. ജാമ്യം ലഭിക്കാനുള്ള ശ്രമം റാണയും തുടങ്ങിയെന്നാണ് അറിയുന്നത്.
പരാതികളുടെ എണ്ണം ഇപ്പോൾ 100 കടന്നു. ഓരോന്നിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയാണ് പോലീസ് ചെയ്യുന്നത്. കൂടാതെ റാണയുടെ ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്ന ജോലിയും നടക്കുന്നുണ്ട്. പ്രവീൺ റാണയെ കസ്റ്റഡിയിൽ കിട്ടുന്നതോടെ കേസ് അന്വേഷണത്തിന് വേഗം കൂടുമെന്നാണ് കരുതുന്നത്.
റാണയുടെ കൂട്ടുകെട്ടുകൾ സംബന്ധിച്ച സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പബ്ബിലും മറ്റും ആഘോഷിക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെയാണിത്. റാണയും ഇയാളുടെ ജീവനക്കാരും വൻ ആർഭാടത്തിലാണ് ജീവിച്ചിരുന്നതെന്ന് ഈ വീഡിയോകളിൽ വ്യക്തമാണ്.
11 മുതൽ 14 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു; കണ്ണൂരിലും വെട്ടിച്ചത് കോടികൾ
കണ്ണൂർ: സേഫ് ആൻഡ് സ്ട്രോങ് സ്ഥാപനങ്ങളിലൂടെ തട്ടിപ്പ് നടത്തിയ പ്രവീൺ റാണ കണ്ണൂരിലും കോടികൾ വെട്ടിച്ചു. സ്ഥാപനത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് ജോലിക്കാർക്ക് വ്യക്തിപരമായി മാത്രം നഷ്ടം 60 ലക്ഷത്തോളം രൂപയാണ്. കൂടാതെ, അവർ മറ്റുള്ളവരിൽനിന്ന് പിരിച്ചുനൽകിയ പണംമാത്രം ഒന്നരക്കോടിയോളവും വരും.
കണ്ണൂർ താലൂക്കിലെ ഒരു സ്കൂളിലെ അഞ്ച് അധ്യാപകർക്കും കൂടി 25 ലക്ഷമാണ് നഷ്ടപ്പെട്ടത്. ഇതേ സ്കൂളിലെ ഒരു പൂർവവിദ്യാർഥിക്ക് സേഫ് ആൻഡ് സ്ട്രോങ് സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതിനാണ് അധ്യാപകർ ഒരുസഹായമെന്ന നിലയിൽ പണം നിക്ഷേപിച്ചത്. നാലുമാസം അവർക്ക് കൃത്യമായി പലിശ ലഭിച്ചു. പിന്നീട് അത് മുടങ്ങി. അതോടെ സ്ഥാപനവും മുങ്ങി.
ജീവനക്കാരുടെ വാക്കുകൾ കേട്ടാണ് പലരും പണം നിക്ഷേപിച്ചത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. പണം നേരിട്ടുതന്നെയാണ് എല്ലാവരും കമ്പനിയിലേക്ക് അയച്ചുകൊടുത്തത്.
രശീതിക്കൊപ്പം രേഖകളുമുണ്ട്. രേഖകൾ കണ്ണൂരിലെ ഓഫീസിൽ സൂക്ഷിക്കാറില്ല. എല്ലാം ഹെഡ് ഓഫീസിലേക്ക് നേരിട്ട് അയക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
11 മുതൽ 14 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തത്. ആദ്യ മാസങ്ങളിൽ കൃത്യമായി പലിശ നൽകി വിശ്വാസമാർജിച്ചു. കണ്ണൂരിലെ മൂന്ന് ജീവനക്കാരോട് റാണ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അവർ വായ്പയെടുത്തും മറ്റും 20 ലക്ഷം രൂപ വീതം നിക്ഷേപിച്ചതായി പറയുന്നു. ആ പണവും പൂർണമായും നഷ്ടപ്പെട്ടു.
പണം നഷ്ടപ്പെട്ടവരുൾപ്പെടെ ജീവനക്കാർ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷേ പോലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയില്ല. പരാതികൾ റാണയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് പോലീസ് പറയുന്നത്. കണ്ണൂരിൽ തന്നെ കേസെടുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
റാണയുടെ സിനിമ സംവിധാനംചെയ്ത എ.എസ്.ഐ.യ്ക്ക് സസ്പെൻഷൻ
പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്ത എ.എസ്.ഐ.യ്ക്ക് സസ്പെൻഷൻ. വലപ്പാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സാന്റോ തട്ടിലിനെയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. സസ്പെൻഡ് ചെയ്തത്. പ്രവീൺ റാണ നിർമിക്കുകയും അഭിനയിക്കുകയും ചെയ്ത ‘ചോരൻ’ എന്ന സിനിമയാണ് സാന്റോ സംവിധാനം ചെയ്തത്.
ആരോപണത്തെത്തുടർന്ന് റൂറൽ പോലീസ് ആസ്ഥാനത്തുനിന്ന് ഇയാളെ വലപ്പാട് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടർന്നാണ് സസ്പെൻഷൻ. ക്രിമിനൽ പശ്ചാത്തലമുള്ള ആളോടൊപ്പം പ്രവർത്തിച്ചതിനും വകുപ്പിന്റെ അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് നടപടി. സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലും സാന്റോ പങ്കെടുത്തിരുന്നു.