ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ 15 പേര്‍ക്കാണ് ഹോങ്കോങില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടച്ചിടണമെന്ന ഹോങ്കോങ് ജനങ്ങളുടെ ആവശ്യം കാരി ലാം അംഗീകരിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
70 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ് ചൈനയുടെ കീഴിലാണെങ്കിലും വ്യവസ്ഥകളോടെ സ്വയം ഭരണാധികാരം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
ഇതിനിടെ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ജി7 രാജ്യങ്ങള്‍ അടിയന്തരമായി ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെ വിഷയം ചര്‍ച്ചചെയ്യുമെന്ന് ജര്‍മനിയിലെ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.
തിങ്കളാഴ്ച പുതുതായി 64 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന് അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 20,438 ആയി.