ലഹരി തലയ്ക്കുപിടിച്ചപ്പോൾ സി പി എം നേതാക്കൾ നാട്ടുകാരുടെ മെയ്ക്കിട്ടുകയറി, സംഘത്തിലുണ്ടായിരുന്നത് മുനിസിപ്പൽ കൗൺസിലറും എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയും
കുട്ടനാട് : പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത നാട്ടുകാരോട് തട്ടിക്കയറിയ സി.പി.എം, എസ്.എഫ്.ഐ നേതാക്കളുൾപ്പെട്ട ആറംഗ സംഘത്തെ എടത്വാ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി പരാതി. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ , എസ്.എഫ്.ഐ മുൻ ജില്ലാസെക്രട്ടറി എന്നിവരടങ്ങുന്ന സംഘത്തെയാണ് എടത്വാ പൊലീസ് ഇന്നലെ വൈകിട്ട് ആറരയോടെ എടത്വാ – ചമ്പക്കുളം റോഡിൽ ചങ്ങങ്കരി പള്ളിയിലേക്കുള്ള റോഡിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.കാറിലെത്തിയ സംഘം ഇവിടിരുന്നു മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തത് നാട്ടുകാരായ ചിലർ ചോദ്യം ചെയ്യ്തതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യം കയർത്തു സംസാരിച്ച ഇവർ പിന്നീട് ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്ത ശേഷം വിട്ടയ്ക്കുകയായിരുന്നു. എന്നാൽ കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.