പിഴയടയ്ക്കാതിരിക്കാൻ 5000 രൂപ ചോദിച്ചു, കിട്ടില്ലെന്നായപ്പോൾ അഞ്ഞൂറെങ്കിലും തരണമെന്നായി, ആൾമാറാട്ടത്തിന് അകത്തായത് ആരോഗ്യവകുപ്പ് ജീവനക്കാരൻ
പൂവാർ: സസ്പെൻഷനിലായ ആരോഗ്യവകുപ്പ് ജീവനക്കാരൻ ഹോട്ടൽ പരിശോധനയ്ക്കിറങ്ങി പിടിയിലായി. കുറ്റം കണ്ടെത്തി പണം ആവശ്യപ്പെട്ട കാഞ്ഞിരംകുളം ഊറ്ററ സ്വദേശി ചന്ദ്രദാസിനെ (42) ആൾമാറാട്ടം നടത്തിയതിന് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ചാവടിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ കയറി ചന്ദ്രദാസ് ആരോഗ്യവകുപ്പ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയശേഷം പരിശോധന ആരംഭിച്ചു. കുറ്റങ്ങൾ കണ്ടെത്തി 30,000 രൂപ പിഴയടിക്കേണ്ടി വരുമെന്ന് പറഞ്ഞ ഇയാൾ 5000 രൂപ തന്നാൽ പരിഹരിക്കാമെന്ന് ഹോട്ടലുടമയ്ക്ക് ഉറപ്പ് നൽകി.പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടലുടമ പണം നൽകില്ലെന്ന് പറഞ്ഞതോടെ 500 രൂപയെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടു. സംശയം വർദ്ധിച്ച ഹോട്ടൽ ജീവനക്കാർ ഇയാളെ തടഞ്ഞ് വച്ചശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തി അവർ നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളം വെളിച്ചത്തായത്. ഡി.എം.ഒ ഓഫീസിലെ ക്ലാസ് ഫോർ ജീവനക്കാരനായ ചന്ദ്രദാസ് കൃത്യമായി ഓഫീസിൽ ഹാജരാകാത്തതിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു.