സുകുമാരക്കുറുപ്പിന്റെ ചതി പോലെ മറ്റൊന്ന്; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ കാറിൽ കൊന്ന് കത്തിച്ച സർക്കാർ ഓഫീസർ പിടിയിൽ
ഹൈദരാബാദ്: ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി തന്റെ ശരീരപ്രകൃതിയുളള ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പിന്റേതിന് സമാനമായ ക്രൂരത വീണ്ടും. തെലങ്കാനയിലെ മേഡക്ക് ജില്ലയിലാണ് ഈ സംഭവം. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ഉണ്ടായ കനത്ത നഷ്ടം നികത്താനും കടം തീർക്കാനും മരിച്ചതായി രേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച സർക്കാർ ഓഫീസർ പിടിയിലായി.ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് നഷ്ടമായ തെലങ്കാന സെക്രട്ടറിയേറ്റിലെ 44 കാരനായ ഉദ്യോഗസ്ഥൻ ഭാര്യയുടെയും രണ്ട് ബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ ക്രൂരകൃത്യം ചെയ്തത്. 85 ലക്ഷം രൂപയാണ് ഇയാൾക്ക് കടമുണ്ടായത്. തുടർന്ന് ഇത് വീട്ടാൻ ഇയാൾ 25ഓളം ഇൻഷ്വറൻസ് പോളിസികളെടുത്തു. ആകെ ഏഴ് കോടിയോളം രൂപയുടെതായിരുന്നു പോളിസി.തുടർന്ന് തന്റെ രൂപസാദൃശ്യമുളള ഒരാളെ കൊലപ്പെടുത്തി ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടു. ഇതിനായി ജനുവരി എട്ടിന് നിസാമാബാദ് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും ഒരാളെ ഇവർ കണ്ടെത്തി. ഇയാളുടെ തല മൊട്ടയടിപ്പിച്ചു. പിന്നീട് പ്രതിയെപ്പോലെ വേഷം ധരിപ്പിച്ച് കാറിലിരുത്തി. ശേഷം വെങ്കട്ട്പൂർ എന്ന ഗ്രാമത്തിലെത്തി.കാറിൽ പെട്രോൾ ഒഴിച്ചശേഷം ഇയാളോട് മുന്നിലിരിക്കാൻ സെക്ഷൻ ഓഫീസർ പറഞ്ഞു. ഇത് അനുസരിക്കാതായതോടെ കോടാലിയും കമ്പുമുപയോഗിച്ച് അടിച്ചും വെട്ടിയും ആക്രമിച്ച് കൊലപ്പെടുത്തി. ശേഷം കാർ കത്തിച്ചു. കാറിൽ ഇയാളുടെ തിരിച്ചറിയൽ രേഖയുമുണ്ടായിരുന്നു. ഇതോടെ പ്രതി മരിച്ചതായി കരുതി.എന്നാൽ പൊലീസിന്റെ ശക്തമായ അന്വേഷണത്തെ തുടർന്ന് പ്രതി ജീവിച്ചിരുപ്പുളളതായി മനസിലാക്കി. തുടർന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.