നമ്പര്‍ ബ്ലോക്ക് ചെയ്തതിന് 17-കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു;ബന്ധു അറസ്റ്റില്‍,കൊലക്കേസിലെ പ്രതി
തലയിലും കഴുത്തിലും ഇടത്തെ കൈയിലും തോളിലും കാല്വിരലുകളിലുമാണ് വെട്ടേറ്റത്. കൈ അറ്റുതൂങ്ങിയതായും തോളിനും കഴുത്തിനും ആഴത്തില്‍ മുറിവേറ്റതായും ഒറ്റപ്പാലം താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പെൺകുട്ടിയെ വെട്ടിപരിക്കേൽപ്പിച്ച സ്ഥലം. ഇൻസെറ്റിൽ പ്രതി ഫിറോസ്
ഒറ്റപ്പാലം: കയറംപാറയില്‍ കോളേജ് വിട്ട് വരികയായിരുന്ന പെണ്‍കുട്ടിക്ക് വെട്ടേറ്റു. വീട്ടിലേക്കുള്ള വഴിയില്‍വെച്ചാണ് 17-കാരിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബന്ധുവായ ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസിനെ (25) പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞവര്‍ഷം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് ഫിറോസ്.
ഫിറോസിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ 17-കാരി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
ചൊവ്വാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കോളേജ് വിട്ട് വരുന്നതിനിടെയായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ ഫിറോസ് കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തലയിലും കഴുത്തിലും ഇടത്തെ കൈയിലും തോളിലും കാല്വിരലുകളിലുമാണ് വെട്ടേറ്റത്. കൈ അറ്റുതൂങ്ങിയതായും തോളിനും കഴുത്തിനും ആഴത്തില്‍ മുറിവേറ്റതായും ഒറ്റപ്പാലം താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഫിറോസിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയെടുത്താലേ കൂടുതല്‍ വിവരങ്ങളറിയാനാകൂവെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ എം. സുജിത്ത്, എസ്.ഐ കെ.ജെ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ജാമ്യത്തിലിറങ്ങി മൂന്നാംമാസം ആക്രമണം
2022 ഫെബ്രുവരിയില്‍, ലക്കിടി സ്വദേശിയായ യുവാവിനെ കൊന്ന് പാലപ്പുറം അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതിയാണ് ഫിറോസ്. പട്ടാമ്പിയിലെ ഒരു മോഷണക്കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പുറത്തറിഞ്ഞത്. ലഹരിവസ്തുസംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പോലീസ് കുറ്റപത്രം. കേസില്‍ റിമാന്‍ഡിലായിരുന്ന ഫിറോസിന് കഴിഞ്ഞ ഒക്ടോബറില്‍ ജാമ്യം ലഭിച്ചു.