കോട്ടയത്ത് വീട്ടില്‍നിന്ന് സ്കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥിനികളെ കാണാതായി; കണ്ടെത്തിയത് ആലപ്പുഴയില്‍
കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികള്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിലെത്താതെ സിനിമയ്ക്ക് പോയതായി സ്കൂള്‍ അധികൃതര്‍ കണ്ടെത്തുകയും തുടര്‍ന്ന് ചൊവ്വാഴ്ച രക്ഷിതാക്കളുമായി സ്കൂളിലെത്താന്‍ നിര്‍ദേശിക്കുകയുംചെയ്തിരുന്നു.
മണര്‍കാട്(കോട്ടയം): സ്കൂളിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങി ആലപ്പുഴയിലേക്ക് പോയ വിദ്യാര്‍ഥിനികളെ വൈകീട്ടോടെ കണ്ടെത്തി. മണര്‍കാട്ടുള്ള പെണ്‍കുട്ടികളുടെ സ്കൂളിലെ രണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളെ, മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ അര്‍ത്തുങ്കലിലുള്ള കടല്‍ത്തീരത്തുനിന്ന് പോലീസ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികള്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിലെത്താതെ സിനിമയ്ക്ക് പോയതായി സ്കൂള്‍ അധികൃതര്‍ കണ്ടെത്തുകയും തുടര്‍ന്ന് ചൊവ്വാഴ്ച രക്ഷിതാക്കളുമായി സ്കൂളിലെത്താന്‍ നിര്‍ദേശിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഈ വിവരം വീട്ടില്‍ പറയാതെ സ്കൂളിലേക്കെന്നു പറഞ്ഞ് രാവിലെ വീട്ടില്‍നിന്നിറങ്ങിയ കുട്ടികള്‍ നാടുവിടുകയായിരുന്നു.
സ്കൂള്‍ അധികൃതര്‍ വീട്ടില്വിളിച്ചപ്പോഴാണ് കുട്ടികള്‍ സ്കൂളിലെത്തിയില്ലെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍തന്നെ വിവരം മണര്‍കാട് പോലീസിലറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ മണര്‍കാട്ടുനിന്ന് പാമ്പാടിയിലേക്കും അവിടെനിന്ന് കോട്ടയത്തേക്കും പോയതായി കണ്ടെത്തി. തുടര്‍ന്ന് കോട്ടയം നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍നിന്ന് ചേര്‍ത്തല ബസില്‍കയറുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസ് ചേര്‍ത്തലയിലേക്ക് തിരിച്ചു.
പോലീസ് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥിനികളുടെ ചിത്രം പ്രചരിപ്പിക്കുകയും അര്‍ത്തുങ്കല്‍ ബീച്ചില്‍ പെണ്കുട്ടികളെക്കണ്ട യുവാവ് സാമ്യംതോന്നി വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടികളെ തിരിച്ചറിഞ്ഞ് അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലേക്കും സ്കൂളിലേക്കും ഇനി തിരിച്ചുപോകുന്നില്ലെന്ന് മാത്രമാണ് കുട്ടികള്‍ പോലീസിനോട് പറയുന്നത്. ഇരുവരെയും രാത്രി പോലീസ് മണര്കാട്ടെത്തിച്ചു. കുട്ടികളില്‍നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് മണര്‍കാട് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് പറഞ്ഞു.