24 മണിക്കൂറിനിടെ ജീവനൊടുക്കിയത് രണ്ടുപേര്‍, പിന്നാലെ മൂന്നാമത്തെ ആത്മഹത്യ; ഞെട്ടലില്‍ ശ്രീഹരിക്കോട്ട
ഞായറാഴ്ച രാത്രിയാണ് സതീഷ് ധവാന് സ്പേസ് സെന്ററിനെ ഞെട്ടിച്ച ആത്മഹത്യാ പരമ്പരയുടെ തുടക്കം.
തിരുപ്പതി: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനിടെ ജീവനൊടുക്കിയതിന് പിന്നാലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിനെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. കഴിഞ്ഞദിവസം ജീവനൊടുക്കിയ സതീഷ് ധവാന് സ്പേസ് സെന്ററിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടറുടെ ഭാര്യയാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. സതീഷ് ധവാന് സ്പേസ് സെന്ററിലെ നര്‍മദ ഗസ്റ്റ് ഹൗസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ്ങിനെ മരിച്ചനിലയില്‍ കണ്ടത്. പ്രിയ സിങ്ങിന്റെ ഭര്‍ത്താവും സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടറുമായ വികാസ് സിങ്(30) തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയിരുന്നു.
ഞായറാഴ്ച രാത്രിയാണ് സതീഷ് ധവാന് സ്പേസ് സെന്ററിനെ ഞെട്ടിച്ച ആത്മഹത്യാ പരമ്പരയുടെ തുടക്കം. സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിളായ ചിന്താമണി(29)യെ ഞായറാഴ്ച രാത്രി സീറോപോയിന്റ് റഡാര്‍ സെന്ററിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഛത്തീസ്ഗഢിലെ ശങ്കര സ്വദേശിയാണ് ചിന്താമണി. ദീര്‍ഘനാളത്തെ അവധിക്ക് ശേഷം ജനുവരി പത്താം തീയതിയാണ് ഇദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടറായ ഉത്തര്‍പ്രദേശ് സ്വദേശി വികാസ് സിങ് സ്വയം നിറയൊഴിച്ച് മരിച്ചത്. സര്‍വീസ് റിവോള്‍വറില്‍നിന്ന് സ്വയം വെടിയുതിര്‍ത്താണ് വികാസ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. വികാസിന്റെ മരണവിവരമറിഞ്ഞ് കഴിഞ്ഞദിവസമാണ് ഭാര്യ പ്രിയ സിങ് ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ഇവര്‍ ജീവനൊടുക്കിയെന്നാണ് പോലീസ് നല്‍കുന്നവിവരം. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.
അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. മൂന്നുസംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.