നെടുമങ്ങാട്: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പെണ്വാണിഭസംഘത്തിലെത്തിക്കാന് നടത്തിയ ശ്രമിക്കുകയും കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. സംഘത്തിലെ മറ്റു രണ്ടു പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
അക്രമത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട ഇവരെ പിന്തുടരുന്നതിനിടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുതിയന്കാവിനു സമീപംവച്ച് അപകടത്തില്‍പ്പെട്ടു. ഈ കാറില്‍നിന്നും രണ്ട് പ്രതികളെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ രണ്ടുപേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു.
കേസിലെ രണ്ടാം പ്രതി എ.നിഖില്‍(30), കെ.ഡി.ഹൗസ്, പനവിളാകം, നരുവാമൂട്, മൂന്നാംപ്രതി നിഷകുമാരി (33) കുന്നുവിളവീട്, ശാസ്തവട്ടം, അഞ്ചാംപ്രതി ശാന്തി(37), ഇ.ആര്.എ 42, ഇരപ്പുകുഴി, കുടപ്പനക്കുന്ന്, വി.വിഷ്ണു(27), ഗീതാഭവന്‍, ഒലിപ്പുനട, നരുവാമൂട് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിലെ സൂത്രധാരനും മുഖ്യപ്രതിയുമായ നവീന്‍ സഹായി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി വലിയമല സി.ഐ.രഞ്ജിത്ത്കുമാര്‍ പറഞ്ഞു. മുഖ്യ പ്രതി നവീന്‍ സംസ്ഥാനത്തെ വിവിധസ്റ്റേഷനുകളിലായി 18-ക്രിമിനല്‍കേസുകളിലും ശാന്തി, നിഖില്‍, ആദര്‍ശ് എന്നിവര്‍ ഒരുഡസനിലധികം കേസുകളിലും പ്രതികളാണെന്ന് പോലീസ് പറയുന്നു.എസ്.ഐ.ബാബു, എ.എസ്.ഐ.ഷഫീര്ലബ്ബ, സി.പി.ഒമാരായ അനൂപ്, ഷിജുലാല്‍, അഭിജിത്ത്, രാംകുമാര്‍, അഖില്‍കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.