അഞ്ച് മിനിട്ട് വൈകിയതിന് കുട്ടികളെ പുറത്താക്കി സ്കൂൾ ഗേറ്റ് പൂട്ടി; 25 വിദ്യാർത്ഥികൾ റോഡിൽ നിന്നത് മണിക്കൂറുകൾ
ആലപ്പുഴ: സ്കൂളിലെത്താൻ അഞ്ച് മിനിട്ട് വൈകിയതിന് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ച് മണിക്കൂറുകളോളം പുറത്തുനിർത്തി. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് സ്കൂളിലാണ് സംഭവം. 25 വിദ്യാർത്ഥികളാണ് സ്കൂളിൽ കയറ്റാത്തത്തിനാൽ റോഡരികിൽ നിന്നത്. എന്നാൽ സ്ഥിരം വൈകിയെത്തുന്നവരെയാണ് പുറത്ത് നിർത്തിയതെന്നാണ് പ്രിൻസിപ്പൾ മാത്തുക്കുട്ടി വർഗീസ് പറഞ്ഞത്.രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെല്ലടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിൽ കയറ്റിയിട്ടുണ്ട്. ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നവരെയാണ് പുറത്താക്കി ഗേറ്റടച്ചതെന്നും പ്രിൻസിപ്പൾ പ്രതികരിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റിയത്.