എത്ര കിട്ടിയാലും പഠിക്കില്ല; കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി, ഇന്ന് കൊടുക്കേണ്ട ഭക്ഷണം ഇന്നലെ തയ്യാറാക്കുന്നതാണ് പ്രായോഗികമെന്ന് ഹോട്ടൽ അധികൃതർ
കൊച്ചി: കൊച്ചിയിൽ നിന്ന് വീണ്ടും പഴകിയ അൽഫാം പിടികൂടി. വടക്കൻ പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരസഭാ ആരോഗ്യവകുപ്പാണ് പരിശോധന നടത്തിയത്. ബുധനാഴ്ചത്തേക്കുള്ള ഭക്ഷണം നേരത്തെ ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഭക്ഷണ സാധനങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഹോട്ടൽ അടച്ചിടാനും നിർദേശം നൽകി. ഇത് കേടായ ഭക്ഷണമല്ലെന്നും, ഇന്ന് കൊടുക്കേണ്ട ഭക്ഷണം ഇന്നലെ തയ്യാറാക്കുന്നതാണ് പ്രായോഗികം എന്ന വിചിത്രമായ വിശദീകരണമാണ് ഹോട്ടൽ അധികൃതർ നൽകിയിരിക്കുന്നത്.ഇന്നലെ പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയടക്കം കഴിച്ച എഴുപതോളം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഇതിൽ ഒരു യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. ഈ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.