ഗുണ്ടകൾ ഏറ്റവുമധികം വിലസുന്നത് തിരുവനന്തപുരത്തെ ഈ സ്റ്റേഷനിലെന്ന് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചു, എല്ലാ പൊലീസുകാരെയും മാറ്റും
തിരുവനന്തപുരം: ഗുണ്ട, മാഫിയ ബന്ധമുള്ള തലസ്ഥാനത്തെ മൂന്ന് ഡിവൈ.എസ്.പിമാർ, 4 സി.ഐമാർ, 5 എസ്.ഐമാർ, പത്തോളം സി.പി.ഒമാർ എന്നിവരെ ഉടൻ സസ്പെൻഡ് ചെയ്ത് പൊലീസ് സേനയിൽ ശുദ്ധികലശത്തിന് സർക്കാർ. സിറ്റി പൊലീസിലെ ഒരു അസി.കമ്മിഷണറെ സി.ഐയായി തരംതാഴ്ത്തുന്നത് പരിഗണനയിൽ. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റും. സംസ്ഥാനത്ത് 150ഓളം ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കും.ഗുണ്ടകളുമായും മണ്ണ്-മണൽ മാഫിയയുമായും ബന്ധമുള്ള ഉദ്യോഗസ്ഥർ സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. ജില്ലകളിൽ ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ സർക്കാരിനും ഡി.ജി.പിക്കും കൈമാറി. എറണാകുളം, ആലുവ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലാണ് കൂടുതൽപ്പേരും.പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, മംഗലപുരം എസ്.എച്ച്.ഒ എസ്.എൽ.സജീഷ്, ചേരാനല്ലൂർ എസ്.എച്ച്.ഒ വിപിൻകുമാർ, റെയിൽവേ ആസ്ഥാനത്തെ സി.ഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്.ഐ സതീഷ് കുമാർ എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഗുണ്ടാനേതാക്കൾക്ക് ഒത്താശ ചെയ്യുകയും റിയൽ എസ്റ്രേറ്റ് മാഫിയയുടെ കേസുകളൊതുക്കുകയും പരാതികൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുകയും ചെയ്തതിനായിരുന്നു നടപടി.റാങ്ക് നോക്കാതെ നടപടിമുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ ഇളയ സഹോദരൻ ശ്രീകുമാരൻ നായരെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞതിനെത്തുടർന്ന് ഉന്നത പൊലീസുദ്യോഗസ്ഥരെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഗുണ്ടാബന്ധമുള്ള പൊലീസുകാരുടെ റാങ്ക് പരിഗണിക്കാതെ കർശന നടപടിയെടുക്കാനാണ് നിർദ്ദേശം. തുടർന്ന് ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരുടെ വിവരങ്ങൾ ജില്ലകളിൽ നിന്ന് ഡി.ജി.പി ശേഖരിച്ചു. പൊലീസുകാരുടെ ക്രിമിനൽ പ്രവർത്തനം കണ്ടെത്താനുള്ള ആഭ്യന്തര വിജിലൻസ് സമിതിയിൽ നിന്നും വിവരം തേടി.’ഗുണ്ടാ സൗഹൃദം’ മംഗലപുരം സ്റ്റേഷൻതിരുവനന്തപുരം റൂറലിലെ മംഗലപുരം സ്റ്റേഷൻ ‘ഗുണ്ടാ സൗഹൃദ’മാണെന്നാണ് പൊലീസ് ആസ്ഥാനം വിലയിരുത്തുന്നത്. ഏറ്റവുമധികം നിർമ്മാണം നടക്കുന്ന കഴക്കൂട്ടം, മംഗലപുരം മേഖലയിലെ മണ്ണ്-മണൽ മാഫിയ പൊലീസിന്റെ ഉറ്റചങ്ങാതിമാരാണ്. വൻ സാമ്പത്തിക ഇടപാടുകൾക്ക് മദ്ധ്യസ്ഥരാകുന്നതും പൊലീസാണ്. സി.ഐയും പൊലീസുകാരും സംയുക്തമായി നടത്തുന്ന ഇടപാടുകളിൽ മനംമടുത്ത് അടുത്തിടെ എത്തിയ ചില പൊലീസുകാർ അവിടെ നിന്ന് മാറ്റം വാങ്ങിപ്പോയിരുന്നു.