ബന്ധപ്പെടുമ്പോൾ മൂക്കിൽ ഇടിച്ച് ചോര വരുത്തി സന്തോഷിക്കും, നാല് വിവാഹം ചെയ്ത ജോയിയുടെ മനോവൈകൃതങ്ങൾ കോടതിയിൽ വിവരിച്ച് രണ്ടാം ഭാര്യ
തിരുവനന്തപുരം: ആനാട് സുനിത കൊലക്കേസിലെ പ്രതി ജോയ് എന്ന ജോയ് ആന്റണി മനോവൈകൃതമുള്ളയാളാണെന്ന് ജോയിയുടെ രണ്ടാം ഭാര്യ മിനി മൊഴി നൽകിയിരുന്നു. ജോയ് ഇതുവരെ നാല് വിവാഹം കഴിച്ചിട്ടുണ്ട്. നാലു വിവാഹങ്ങളിലായി അഞ്ച് കുട്ടികളുമുണ്ട്. ജോയിയുടെ മനോവൈകൃതത്തിന്റെ വിവരങ്ങൾ മിനി തുറന്നുപറഞ്ഞത് കേസിൽ നിർണായകമായി.
ശാരീരികമായി ബന്ധപ്പെടുമ്പോൾ പ്രതി തന്റെ മൂക്കിൽ ശക്തിയായി ഇടിക്കുമെന്നും മൂക്കിൽനിന്ന് ചോര വരുമ്പോൾ വിചിത്രമായി പെരുമാറുന്നത് പതിവായിരുന്നെന്നും മിനി മൊഴി നൽകി. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുകയായിരുന്നു പ്രതിയുടെ മുഖ്യ വിനോദം. തന്റെ തലമുടിക്ക് ചുറ്റിപ്പിടിച്ച് വട്ടംകറക്കി തെങ്ങിൽ ഇടിക്കുമായിരുന്നു. തിളച്ച എണ്ണയിൽ തന്റെ കൈ പ്രതി മുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മിനി വിചാരണവേളയിൽ പൊള്ളിയ കൈ കോടതിയിൽ ഉയർത്തിക്കാട്ടി.
മിനിയുമായുള്ള ബന്ധം നിലനിൽക്കേയാണ് മൂന്നാം ഭാര്യയായ സുനിതയെ ജോയി വിവാഹം ചെയ്തത്. വിധി കേൾക്കാൻ ജോയിയുടെ നാലാം ഭാര്യ കോടതിയിലെത്തിയിരുന്നു. വിധി കേട്ട് ഇവർ കോടതി മുറിക്കുപുറത്തിറങ്ങി കരയുന്നുണ്ടായിരുന്നു.