സ്ത്രീയുടെ പേരിൽ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ അയച്ചു കൊടുത്ത് യുവാവിന്റെ നഗ്നഫോട്ടോ കൈക്കലാക്കി
കോട്ടയം: ഓൺലൈനിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവനിൽ എസ്. വിഷ്ണുവിനെ (25) കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തിയാണ് പലപ്പോഴായി പണവും, വില കൂടിയ മൊബൈൽ ഫോണും തട്ടിയെടുത്തത്. വിഷ്ണു സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കിയാണ് യുവാവുമായി 2018ൽ സൗഹൃദം സ്ഥാപിച്ചത്.
തുടർന്ന് യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. തുടർന്ന് യുവാവിന്റെ നഗ്നഫോട്ടോ കൈക്കലാക്കി. ഇത് വീട്ടുകാർക്ക് അയക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം 15 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഫേസ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി വിഷ്ണുവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
ഇതിനിടെ പണം നൽകാൻ ഒരു ദിവസം താമസിച്ചതിനാൽ 20 ലക്ഷം വേണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. തുടർന്ന് സൈബർ പൊലീസ് യുവാവിനെ മുൻനിറുത്തി 20 ലക്ഷം നൽകാമെന്ന് പറഞ്ഞ് പ്രതിയെ വിളിച്ചുവരുത്തി. കിളിമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തു നിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. തുടരന്വേഷണത്തിൽ ഇത്തരത്തിൽ പലരിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.