ഫ്ളാറ്റുകളിൽ നിന്ന് ഓർഡർ കിട്ടിയാൽ അഷ്കറും ജാക്കും പറന്നെത്തും, പക്ഷേ കൊണ്ടുവരുന്നത് ഭക്ഷണമായിരിക്കില്ല
കൊച്ചി: ഫ്ലാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഓർഡർ അനുസരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് പേരെ കാക്കനാട് നിന്ന് എക്സൈസ് പിടികൂടി. കാക്കനാട് ടി വി സെന്റർ സ്വദേശി അഷ്കർ നസീർ (21 വയസ് ) കൊടുങ്ങല്ലൂർ എടത്തുരുത്തി സ്വദേശി ജാക്ക് T.A (22 വയസ്) എന്നിവരാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. വില്പനയ്ക്കായി കൊണ്ടുവന്ന 3.5 ഗ്രാം MDMA ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ഡിസംബറിൽ തൃക്കാക്കര ഭാഗത്ത് നിന്നും പിടിലായവർ നൽകിയ വിവരത്തെത്തുടർന്ന് ഇവർ ഐ.ബി നിരീക്ഷണത്തിലായിരുന്നു. കാക്കനാട് എൻ ജി ഒ ക്വാർട്ടേഴ്സിന് അടുത്ത് കിഴക്കേക്കര റോഡിലുള്ള അപ്പാർട്ട്മെന്റിൽ ഇവർ മയക്ക് മരുന്നുമായി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടുകയായിരുന്നു.
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ N.G അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ N D ടോമി, P. പത്മ ഗിരിശൻ, P C സനൂപ്, പ്രമിത C G എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.