വെറും അഞ്ച് സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത്തിൽ കുതിക്കാനാകുന്ന പട്രോളിംഗ് കാർ പ്രദർശിപ്പിച്ച് ദുബായ് പൊലീസ്
ദുബായ്: സേനയിലെ വാഹനങ്ങളിലെ നൂതന സാങ്കേതിക വിദ്യ വിവരങ്ങൾ പ്രദർശിപ്പിച്ച് ദുബായ് പൊലീസ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി പട്രോൾ കാറും നൂതനമായ രക്ഷാവാഹനവും ഏവിയേഷൻ സെക്യൂരിറ്റി റിസ്ക് അനാലിസിസ് ഇവാലുവേഷൻ സെന്ററും ഇന്റർസെക് 2023 പ്രദർശനമേളയിൽ ദുബായ് പൊലീസ് അവതരിപ്പിച്ചു. കേവലം അഞ്ച് സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായാനാകുന്ന കാറാണ് ദുബായ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
വൺറോഡ് ഓട്ടോമോട്ടീവ് കമ്പനിയുടെ ഹോങ്ക്വി ഇ-എച്ച്എസ് 9 കാറിൽ ഉയർന്ന റെസല്യൂഷനിലുളള ക്യാമറയും ജിപിഎസുമടക്കം നൂതന സാങ്കേതിക വിദ്യയുമുണ്ട്. പൂജ്യം മുതൽ 100 ശതമാനം വരെ ചാർജെത്താൻ ആറ് മുതൽ എട്ട് മണിക്കൂർ ചാർജ് ചെയ്താൽ മതിയാകും. 440 കിലോമീറ്റർ വരെ പരമാവധി ദൂരം ഇങ്ങനെ സഞ്ചരിക്കാനാകും. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇന്റർസെക്ക് എക്സിബിഷനിൽ എണ്ണൂറോളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് ദുബായ് പൊലീസ് ഈ വാഹനം സേനയ്ക്കൊപ്പം ചേർത്തത്. നിരവധി ആഡംബര കാറുകൾ നിലവിൽ ദുബായ് പൊലീസിനുണ്ട്. അപകടങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന സുരക്ഷാ വാഹനവും പ്രദർശനത്തിൽ അണിനിരന്നു.