പത്തൊൻപതുകാരി ഗർഭിണിയായത് ഉറ്റ ബന്ധുവിൽ നിന്ന്; ആരുമറിയാതെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ എറിഞ്ഞുകൊന്നു
മുംബയ്: കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന പത്തൊൻപതുകാരിയായ മാതാവ് പിടിയിൽ. പെൺകുട്ടി അവിവാഹിതയാണ്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. പെൺകുട്ടി ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്.
പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. യവാത്മൽ സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ എട്ട് മാസമായി അമ്മായിക്കൊപ്പം നവി മുംബയിലായിരുന്നു താമസം. ഉറ്റബന്ധുവിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്.
“ജനുവരി പന്ത്രണ്ടിന് അർദ്ധരാത്രിയാണ് പത്തൊൻപതുകാരി കുഞ്ഞിന് ജന്മം നൽകിയത്. ഫ്ലാറ്റിന് സമീപം ഒരു നവജാത ശിശു വീണിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ വന്നു. തുടർന്ന് സ്ഥലത്തെത്തി, കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോൾ ഫ്ലാറ്റിൽ ഉള്ളവർക്ക് അറിയില്ലായിരുന്നു. തുടർന്ന് സംശയം തോന്നി രണ്ടാം നിലയിലെ താമസക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പത്തൊൻപതുകാരിയാണ് പ്രസവിച്ചതെന്ന് മനസിലായത്.
പന്ത്രണ്ടാം തീയതി രാത്രി വറുവേദനയുണ്ടെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. അടുത്തുള്ള ക്ലിനിക്കൽ കൊണ്ടുപോയപ്പോൾ വേദനാസംഹാരികൾ നൽകി. സോണോഗ്രഫിക്കായി അടുത്ത ദിവസം വരണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അന്ന് അർദ്ധരാത്രിയായപ്പോൾ വേദന കൂടി. പെൺകുട്ടി ശുചിമുറിയിൽ പോയി പ്രസവിച്ചു, നാണക്കേട് ഭയന്ന് കുഞ്ഞിനെ ഫ്ലാറ്റിന് താഴേക്കെറിയുകയായിരുന്നു.”- പൊലീസ് അറിയിച്ചു. താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കൊന്നും അറിയില്ലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.