“വിറ്റിലീഗോ” ബാധിച്ചെന്ന് കണ്ടെത്തിയിരിക്കുന്നു, നിറം നഷ്ടമാകുന്നു; തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി മംമ്ത മോഹൻദാസ്
അർബുദത്തിന് മുന്നിൽ തോൽക്കാതെ, പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മമ്ത മോഹൻദാസ്. കാൻസർ പോരാട്ടത്തെക്കുറിച്ച് നടി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. താൻ മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്തയിപ്പോൾ.
ഓട്ടോ ഇമ്യൂണൽ ഡിസീസാണ് മംമ്തയെ ബാധിച്ചിരിക്കുന്നത്.വിറ്റിലീഗോ അഥവാ വെള്ളപ്പാണ്ടാണ് തനിക്കെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം തുറന്നുപറഞ്ഞത്. സെൽഫി പങ്കുവച്ചുകൊണ്ട് സൂര്യനോട് സംസാരിക്കുന്നതുപോലെയാണ് കുറിപ്പ്.
‘പ്രിയപ്പെട്ട സൂര്യൻ, ഇതുവരെയില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാനായി എല്ലാ ദിനവും നിന്നേക്കാൾ മുമ്പ് ഞാൻ എഴുന്നേൽക്കും… നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും’- എന്നാണ് നടി കുറിച്ചിരിക്കുന്നത്. വിറ്റിലിഗോ, ഓട്ടോ ഇമ്യൂണൽ ഡിസോർഡർ എന്നീ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.