കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി; അജ്ഞാതന്‍ നാഗ്പൂരിലെ ഓഫീസിലേക്ക് വിളിച്ചത് രണ്ടുതവണ
മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്.
ഓഫീസിലെ ലാന്‍ഡ്ലൈന്‍ ഫോണിലേക്ക് വിളിച്ച അജ്ഞാതന്‍, ഗഡ്കരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയത്. ഗഡ്കരിയുടെ ഓഫീസ് സ്ഫോടനത്തില്‍ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി.
വിഷയത്തില്‍ നാഗ്പുര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്.