ലോക സമ്പന്നരില്‍ രണ്ടാമനാകാന്‍ അദാനി: തിരിച്ചടി നേരിട്ട് മസ്ക്
ഇലോണ്‍ മസ്കിനെ പിന്തള്ളി ലോക കോടീശ്വരന്മാരില് രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ ഗൗതം അദാനി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മസ്കിനെ അദാനി മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഗൗതം അദാനിയുടെ ആസ്തി 9,68,500 കോടി രൂപയും (119 ബില്യണ്‍ ഡോളര്‍) ഇലോണ്‍ മസ്കിന്റേത് 1,07,4200 രൂപ(132 ബില്യണ്‍ ഡോളര്‍)യുമാണ്. ഒരു വര്‍ഷത്തിനിടെ മസ്കിന് 137 ബില്യണ്‍ ഡോളര്‍ നഷ്ടമായപ്പോള്‍ അദാനിയുടെ ആസ്തി 43 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. മസ്കിന്റെ ആസ്തിയില്‍ ഇനിയും ഇടിവുണ്ടായാല്‍ അദാനിയുടെ മുന്നേറ്റത്തിന് വേഗംകൂടും. അഞ്ചാഴ്ചകൊണ്ട് അദാനി മസ്കിനെ മറികടക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ വിലയിരുത്തല്‍.
ഡിസംബര്‍ 13നാണ് ലോക കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനം ഇലോണ്‍ മസ്കിന് നഷ്ടമായത്. ആഡംബര ഉത്പന്ന വ്യവസായി ബെര്‍നാര്‍ഡ് അര്‍നോള്‍ട് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. മസ്കിന്റെ ആസ്തിയില്‍ 200 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. അതോടെ അതിഗവേഗം ആസ്തി നഷ്ടപ്പെട്ടവരില്‍ മസ്ക് മുമ്പനാകുകയും ചെയ്തു. 2021 നവംബര്‍ നാലിലെ കണക്കുപ്രകാരം മസ്കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു.
ഓട്ടോമൊബൈല്‍ കമ്പനികള്‍ ഒന്നാകെ വൈദ്യുത വാഹനവുമായി എത്തുന്നത് ടെസ് ലയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഷാങ്ഹായ് പ്ലാന്റിലെ ഉത്പാദനം കമ്പനിക്ക് കാര്യമായി കുറയ്ക്കേണ്ടിവന്നു. ഡിമാന്‍ഡ് കുറഞ്ഞതോടെ ടെസ് ലയുടെ രണ്ട് ഉയര്‍ന്ന മോഡലുകള്‍ക്ക് യുഎസില്‍ 7,500 ഡോളറിന്റെ കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ് ലയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് മസ്കിന്റെ ആസ്തിയെ ബാധിച്ചത്. ഡിസംബര്‍ 27നുമാത്രം 11 ശതമാനം തകര്‍ച്ച നേരിട്ടു. 2020ല്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച ടെസ് ലയുടെ ഓഹരി വിലയില്‍ 2022ല്‍ 65ശതമാനം ഇടിവുണ്ടായി. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് വന്‍തുക അദ്ദേഹം ചെലവിട്ടതും ഈയിടെ ചര്‍ച്ചയായിരുന്നു.
വജ്ര വ്യാപാരിയില്‍നിന്ന്…
ബ്ലൂംബര്‍ഗിന്റെ സമ്പന്ന സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് ഗൗതം അദാനി. ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയവരുടെ പട്ടികയില്‍ അദാനി ഒന്നാമതെത്തി. ഈ വര്‍ഷം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തിലുണ്ടായ കുതിച്ചുചാട്ടം ബില്‍ഗേറ്റ്സിനെയും വാറന്‍ ബഫറ്റിനെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്താന്‍ സഹായിച്ചു.
സ്വിസ് സിമന്റ് നിര്‍മാതാക്കളായ ഹോള്‍സിം ലിമിറ്റഡ്, എന്‍ഡിടിവി എന്നിവയാണ് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഏറ്റെടുക്കലുകള്‍. ഹരിത ഊര്‍ജത്തിനായി 70 ബില്യണ്‍ ഡോളര്‍ നീക്കിവെയ്ക്കുമെന്ന് ഈയിടെ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി ഇതിനകം ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ നിര്‍മാതാവായി മാറിക്കഴിഞ്ഞു.
മുംബൈയില്‍ വജ്ര വ്യാപാരിയായാണ് അദാനിയുടെ തുടക്കം. തുറമുഖങ്ങള്‍, പുനരുപയോഗ ഊര്‍ജം, ചരക്ക് നീക്കം തുടങ്ങിയ ബിസിനസുകളിലൂടെ വന്‍ സമ്പത്ത് അദ്ദേഹം ആര്‍ജിച്ചു. 2022 മാര്‍ച്ചില്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയ വിവരപ്രകാരം അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ട്രാന്സ്മിഷന് എന്നിവയില്‍ 75ശതമാനം ഓഹരികളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. അദാനി ടോട്ടല്‍ ഗ്യാസിന്റെ 37ശതമാനവും അദാനി തുറമുഖങ്ങളുടെുയം പ്രത്യേക സാമ്പത്തിക മേഖലയുടെയും 65ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയുടെ 61ശതമാനവും ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമാണ്.