മുത്തങ്ങയില്‍ വന്‍ലഹരിവേട്ട; 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മലയാളി യുവാവ് അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ലഹരിമരുന്ന് വേട്ട. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നും പത്ത് ലക്ഷം രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും കര്‍ണാടക കുടക് സ്വദേശിയായി യുവാവില്‍ നിന്നും ചരസും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
എം.ഡി.എം.എ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ.പി മിറാഷ് മാലിക് (22) നെ അറസ്റ്റ് ചെയ്തു. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 118.80 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.