സഹായിക്കണം; നിർവാന് ചികിത്സയ്ക്ക് 17.4 കോടി വേണം
സാരംഗ് മേനോൻ-അദിതി നായർ ദമ്പതിമാർക്കൊപ്പം മകൻ നിർവാൻ
പാലക്കാട്: സാരംഗ് മേനോൻ-അദിതി നായർ ദമ്പതിമാർക്ക് കാത്തിരുന്ന് കിട്ടിയ നിധിയാണ് മകൻ നിർവാൻ. എന്നാലിന്ന് മകൻ അനുഭവിക്കുന്ന വേദനയോർത്ത് കണ്ണീർ വീഴ്ത്തുകയാണ് ഈ കുടുംബം. 15 മാസം പ്രായമുള്ള കുഞ്ഞിന് എണീറ്റുനിൽക്കാൻപോലും കഴിയുന്നില്ല. മറ്റു കുട്ടികൾ ഓടിച്ചാടി നടക്കുമ്പോൾ ഒരടിവെക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഈ കുരുന്ന്. ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്.
മുംബൈയിൽ മർച്ചന്റ് നേവിയിൽ എൻജിനിയറാണ് സാരംഗ്. മുംബൈയിലെ ഒരു കമ്പനിയിലെ സോഫ്റ്റ്വേർ എൻജിനിയറാണ് അദിതി നായർ. കൂറ്റനാട് സ്വദേശികളായ കുടുംബം രണ്ടുവർഷമായി മുംബൈയിലാണ് താമസം. ചികിത്സയ്ക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടുവയസ്സിനുമുമ്പ് മരുന്ന് നൽകിയാലേ പ്രയോജനമുള്ളൂ. ഈ തുക കണ്ടെത്താനാവാതെ സാരംഗ് മേനോൻ-അദിതി നായർ ദമ്പതിമാർ നെട്ടോട്ടത്തിലാണ്. ഇതോടെ, സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ചികിത്സാസഹായസമിതി രൂപവത്കരിച്ച് സഹായം തേടുകയാണിവർ.