പി.ടി. 7-നെ തളയ്ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ്; കൂടും സജ്ജം
പാലക്കാട്: പാലക്കാട്ടെ ധോണി ഗ്രാമത്തെ മാസങ്ങളായി വിറപ്പിച്ച് കൊണ്ടിരിക്കുന്ന പി.ടി. -7 (പാലക്കാട് ടസ്കര്‍) എന്ന കാട്ടാനയെ മയക്കുവെടിവെച്ച് തളയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനം വകുപ്പ്. ആനയെ വെടിവെയ്ക്കാന്‍ വയനാട്ടില്‍നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീം എത്താനുള്ള കാത്തിരിപ്പിലാണ് വനം വകുപ്പും നാട്ടുകാരും.
ആനയ്ക്കായുള്ള കൂട് തയ്യാറായിട്ടുണ്ട്. ധോണിയുടെ ചെങ്കുത്തായുളള ഭൂപ്രകൃതി ദൗത്യത്തിന് വലിയ വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. നേരത്തെ ഈ ആനയുടെ കൂടെ മറ്റ് രണ്ട് ആനകള്‍ കൂടി ഉണ്ടായിരുന്നു, ഇപ്പോള്‍ പി.ടി. -7 ആ കൂട്ടത്തില്‍നിന്ന് വിട്ട് തനിച്ചാണ് സഞ്ചരിക്കുന്നത്. ഇത് ആശ്വാസകരമായ കാര്യമാണെന്ന് ദൗത്യത്തിന്റെ ഏകോപന ചുമതലയുള്ള എ.സി.എഫ്. ബി. രഞ്ജിത്ത് പറഞ്ഞു.
തിങ്കളാഴ്ച ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഉള്ള സംഘം എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡോക്ടര്‍ ആനയെ നിരീക്ഷിച്ച ശേഷമേ മയക്കുവെടിയുടെ ഡോസ് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ. പി.ടി.- 7 ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും എത്താതിരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അഞ്ച് വഴികളിലൂടെ ആന മാറി മാറി സഞ്ചരിക്കുന്നതായാണ് ഇതുവരെയുള്ള നിരീക്ഷണത്തില്‍ കണ്ടെത്താന്‍ ആയത്. ഈ വഴികളിലെല്ലാം ദൗത്യം സജ്ജീകരിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ആനയെ എത്തിക്കുകയാണ് ദൗത്യത്തിലെ മറ്റൊരു ലക്ഷ്യം. അതിരാവിലെ ദൗത്യം തുടങ്ങേണ്ടി വരും. നട്ടുച്ചയ്ക്കും വൈകുന്നേരം അഞ്ചുമണിയ്ക്ക് ശേഷവും ദൗത്യം നടത്തുക പ്രയാസമാണെന്നും എ.സി.എഫ്. ബി. രഞ്ജിത്ത് പറഞ്ഞു.
ഡോക്ടറുടെ നേതൃത്വത്തിലുളള സംഘവും വനം വകുപ്പും ഉള്‍പ്പടെ 150-ല്‍ അധികം ആളുകളുടെ സംഘമാണ് ദൗത്യം നടത്തുക. പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുന്നത് അപകടമായതിനാല്‍ തന്നെ ഈ പ്രദേശത്ത് ആളുകളെ നിയന്ത്രിക്കാനുളള സംവിധാനങ്ങള്‍ കൂടി സ്വീകരിക്കും, നിലവില്‍ 24 മണിക്കൂറും ആനയെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിബിഡവനം ആയതിനാല്‍ തന്നെ ആനയുടെ ചലനങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളും അടയാളങ്ങളും വെച്ചാണ് ആനയെ നിരീക്ഷിക്കുന്നതെന്നും ബി. രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.