കാര്യവട്ടം ഏകദിനം: ടിക്കറ്റ് വില്പന മന്ദഗതിയില്‍
തിരുവനന്തപുരം ഏകദിനത്തിന്റെ ടിക്കറ്റ് വിൽപന മന്ദഗതിയിൽ. ഇതുവരെ അയ്യായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. വിവാദങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചെന്ന് കെ.സി.എ പ്രതികരിച്ചു. ഇന്ത്യ – ശ്രീലങ്ക ഏകദിനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് ടിക്കറ്റ് വിൽപന അയ്യായിരത്തിലെത്തി നിൽക്കുന്നത്. ആകെ 37000 സീറ്റാണുള്ളത്. 23000 ടിക്കറ്റുകള്‍ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 2000, 1000, വിദ്യാർഥികൾക്ക് 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 30 % നികുതിയും. ടിക്കറ്റുനിരക്കും അതെ ചൊല്ലിയുള്ള വിവാദങ്ങളും തിരിച്ചടിച്ചെന്നാണ് വിലയിരുത്തൽ.
”പട്ടിണിക്കാർ കളി കാണണ്ട’ എന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പരാമർശവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടിക്കറ്റ് വിൽപന കുറയുന്നത് ലോകകപ്പ് മത്സരം തിരുവനന്തപുരത്തിന് കിട്ടാനുള്ള സാധ്യതയ്ക്കും മങ്ങലേൽപ്പിക്കും. അവശേഷിക്കുന്ന മണിക്കൂറുകളിൽ ടിക്കറ്റ് വിൽപന ഉയരുമെന്ന പ്രതീക്ഷയിലാണ് കെ.സി.എ ഭാരവാഹികൾ.