വയനാട്ടിൽ ഇറങ്ങിയ കടുവയെ പൊലീസ് മയക്കുവെടിവച്ചു; കർഷകനെ കൊന്ന കടുവയാണോ ഇതെന്ന് സംശയം
വയനാട്: ഇന്ന് രാവിലെ കുപ്പാടിത്തറയിൽ കണ്ട കടുവയെ മയക്കുവെടിവച്ചു. കടുവയ്ക്ക് വെടിയേറ്റതായി ജില്ലാ കളക്ടർ അറിയിച്ചു.ഇന്ന് രാവിലെ കാപ്പിതോട്ടത്തിൽ എത്തിയ നാട്ടുകാരനാണ് കടുവയെ നേരിൽ കാണുന്നത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വനംവകുപ്പും ആർ ആർ ടി സംഘവും സ്ഥലം വളഞ്ഞ് പരിശോധന നടത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വയ്ക്കുകയായിരുന്നു. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.കർഷകനെ കൊന്ന കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. അതിനാൽ, ഇത് മറ്റൊരു കടുവ ആയിരിക്കാമെന്നാണ് വനപാലകരുടെ നിഗമനം.