കാന്‍സര്‍ സെന്ററിലെ വരമുറിയില് വരച്ച് പഠിച്ചവര്‍; ഹൃദയം തൊട്ട് ചിത്രപ്രദര്‍ശനം
കാൻസർ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചിത്രകലയിലൂടെ അതിജീവനം കണ്ടെത്തിയ മനുഷ്യരുടെ കഥയാണ് ഇനി. കാൻസറിനോട് പോരാടിയവർ ചിത്രകാരായതിന് പിന്നിലൊരു അർപ്പണ ബോധവും കഠിനാധ്വാനവും കൂടിയുണ്ട്. കണ്ണൂർ തലശേരി ലളിത കലാ അക്കാദമി ആർട്ട് ഈ മാസം 17 വരെ ഇവരുടെ ചിത്രങ്ങളുടെ പ്രദർശനത്തിന് ഉണ്ടാവും.
കാൻസറിന്റെ ആകുലതകളിൽ പ്രതീക്ഷ നശിച്ചു പോയവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരണമെന്ന മാഹി സ്വദേശി സുലോചനയുടെ ആലോചനയാണ് ഈ ക്യാൻവാസുകൾക്കു പിന്നിൽ.രോഗം എല്ലാത്തിന്റെയും അവസാനം കുറിച്ചുവെന്ന് കരുതിയിരുന്ന കുറേ മനുഷ്യരെ അതിജീവനത്തിന്റെ പാതയിലെത്തിച്ച ചിത്ര പോരാട്ടം, പിന്നെ നടന്നത് ഈ കാണുന്നതാണ്
സതി ദാസനും , ശാന്തി റാം, സജിത ബാബുവുമൊക്കെ ക്യാൻസറിനെ അതിജീവിച്ചവരാണ്. ജീവിതത്തിലേക്ക് ഇരുട്ട് തെളിയിച്ച കാലത്തെ വരച്ച് മറികടക്കാൻ ശ്രമിക്കുന്നവർ നാല് വർഷമായി മലബാർ കാൻസർ സെന്ററിലെ വര മുറിയിൽ വരച്ച് പഠിച്ച 13 പേരുടെ ചിത്രങ്ങൾ ഇവിടെ വന്നാൽ കാണാം , സ്വന്തമാക്കിയാൽ അത് അവർക്കൊരു സാന്ത്വനവുമാകും.