കാഞ്ഞങ്ങാട്: ജില്ലാശുപത്രി വളപ്പില്‍ ഡിഎംഒ ഓഫീസിന് കീഴില്‍ പ്രവര് ത്തിക്കുന്ന കാരുണ്യ ഫാര്‍മസി വഴിയുള്ള മരുന്ന് വിതരണം അവതാളത്തിലായി. ജീവന് രക്ഷാമരുന്നുകളടക്കം ചുരുങ്ങിയ വിലയ്ക്ക് മരുന്നുകള്‍ ലഭിച്ചിരുന്ന മെഡിക്കല്സ്റ്റോറിനെയാണ് മരുന്ന് ക്ഷാമം പ്രതിസന്ധിയിലാക്കിയത്.സ്വകാര്യ മാര്‍ക്കറ്റില്‍ വന്‍വിലയുള്ള ജീവന്‍രക്ഷാ ഔഷധങ്ങളാണ് കാരുണ്യഫാര്‍മസി വഴി ലഭിച്ചിരുന്നത്. നിര്‍ദ്ധനരായ രോഗികളെ സ്വകാര്യ മരുന്ന് വില്‍പ്പനക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പടുത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്ഥാപിച്ചതാണ് കാരുണ്യമെഡിക്കല്‍ സ്റ്റോറുകള്‍.ക്യാന്‍സര്‍ ചികിത്സയ്ക്കടക്കമുള്ള മരുന്നുകള്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ചുരുങ്ങിയ വിലയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് ഏതാണ്ട് നിലച്ചമട്ടിലാണ്.ജില്ലാശുപത്രിയിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് വിതരണം താളം തെറ്റിയിട്ട് മാസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.ജീവിതശൈലീരോഗങ്ങളടക്കം മരുന്ന് ലഭിച്ചിരുന്ന ജില്ലാശുപത്രിയിലെ കാരുണ്യ ഫാര്‍മസിയില്‍ ഡിസംബര്‍ മാസം മുതല്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.ഇതോടെ ബുദ്ധിമുട്ടിലായത് ബി.പി.എല്‍ വിഭാഗത്തില്‍ പ്പെട്ട പാവപ്പെട്ട രോഗികളും 18 വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. കാരുണ്യ ഫാര്‍മസി വഴി മരുന്നുകള്‍ സൗജന്യമായി ലഭിച്ചിരുന്നത് നിലച്ചമട്ടിലാണ്.ഡിസംബര്‍ അവസാനത്തോടെ ജില്ലാശുപത്രി ഫാര്‍മസിയിലും മരുന്നുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്.ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ എഴുതികൊടുക്കുന്ന മരുന്നുകളില്‍ മിക്കവയും ജില്ലാശുപത്രി ഫാര്‍മസിയില്‍ ലഭിക്കാറില്ലെന്നാണ് രോഗികളുടെ പരാതി.കിട്ടാത്ത മരുന്നുകള്‍ക്കായി സ്വകാര്യ മെഡിക്കല്സ്റ്റോറകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. ജില്ലാശുപത്രി ഫാര്‍മസിയില്‍ മരുന്ന് എത്തണമെങ്കില്‍ മാര്‍ച്ച് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.അതുവരെ ആശുപത്രിയിലെത്തുന്ന രോഗികള്‍ മരുന്നുകള്‍ക്കായി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ടിവരും.നിലവില്‍ പകരം സംവിധാനമെന്ന നിലയില്‍ തോയമ്മലിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ജില്ലാശുപത്രിയിലെ രോഗികള്‍ക്ക് മരുന്ന് ലഭിക്കാന്‍ സാഹചര്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ലാത്തത് നിര്‍ദ്ധരരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്.സാമ്പത്തിക കുടിശ്ശിക വരുത്തയതിനാലാണ് കാരുണ്യ ഫാര്‍മസിയിലേക്ക് മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടായതെ ന്നാണ് സൂചന.