ഇടയ്ക്കിടെയുള്ള തലവേദന; പിന്നിൽ ഈ 5 കാരണങ്ങളാകാം
തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. ചെറിയ തലവേദന മുതൽ ഇടയ്ക്കിടെ വരുന്ന കടുത്ത തലവേദന വരെയുണ്ട്. വേദന കൊണ്ട് ജോലികൾ ചെയ്യാനോ ഒന്നിലും ശ്രദ്ധിക്കാനോ പോലും പറ്റില്ല.
സ്ട്രെസ് ആണ് തലവേദനയ്ക്ക് ഒരു കാരണം. തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ സമ്മർദം എന്തായാലും ഉണ്ടാകും. കൂടെ തലവേദനയും. എന്നാൽ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.
∙ അധികമായാൽ കാപ്പിയും
കാപ്പി കുടിച്ചാൽ ഒരു ഉന്മേഷമൊക്കെ തോന്നും. എന്നാൽ കഫീൻ അധികമായാൽ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്ഷൻ ഉണ്ടാക്കാനും കഫീൻ കാരണമാകും.
∙ വെള്ളം കുടിച്ചില്ലെങ്കിൽ
ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നാൽ (dehydration) അത് തലവേദന ഉണ്ടാക്കും. ഇടയ്ക്കിടെ തലവേദന വരുന്നെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നു ശ്രദ്ധിക്കൂ
∙ ഹോർമോൺ വ്യതിയാനം
ചിലപ്പോൾ ഹോർമോണുകളുടെ അളവ് കുറഞ്ഞാൽ തലവേദന വരും. ഈസ്ട്രജന്റെ അളവ് കുറഞ്ഞാൽ ഇതേ പ്രശ്നം ഉണ്ടാകും. ഹോർമോൺ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കിൽ വൈദ്യസഹായം തേടണം.
∙ ശരിയായി ഇരിക്കാം
ഇരിപ്പും ഉറക്കവും എല്ലാം ശരിയായ നിലയിൽ (Posture) അല്ലെങ്കിൽ തലവേദന വരാം. നേരെ ഇരുന്നില്ലെങ്കിൽ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം.
∙ ഫോണും കംപ്യൂട്ടറും
കംപ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും വരുന്ന നീലവെളിച്ചത്തിലേക്ക് തുടർച്ചയായി നോക്കിയാൽ കണ്ണിനു മാത്രമല്ല പ്രശ്നം ഉണ്ടാകുക. തലവേദനയും വരും. സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കും. തലവേദനയും കൂടെ വരും.