വന്യമൃഗങ്ങള്‍ വര്‍ധിച്ചു; ജനന നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും – മന്ത്രി
വയനാട്: വനത്തിൽ ഉൾക്കൊള്ളാനുള്ള ശേഷിക്കധികമായി വന്യമൃഗങ്ങൾ വർധിച്ചതാണ് വന്യജീവി ആക്രമണങ്ങള്‍ അടക്കമുള്ള സംഭവങ്ങൾക്ക് കാരണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യമൃഗ ജനനനിയന്ത്രണം ആവശ്യപ്പെട്ടുള്ള അടയന്തര ഹർജി കേരളം ഉടൻ സുപ്രീം കോടതിയിൽ നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വന്യജീവി ആക്രമണം തടയുന്നപ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്താത്ത സാഹചര്യമാണുള്ളത്. വനം ഉദ്യോഗസ്ഥർ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെങ്കിലും വന്യജീവികളുടെ സംഖ്യ വർധിച്ചത് പ്രശ്നമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘വനത്തിൽ വന്യമൃഗങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിക്കും അധികമായി വന്യമൃഗങ്ങളുടെ ജനസംഖ്യ വർധിച്ചതാണ് നിലവിലുള്ള സംഭവങ്ങൾക്ക് കാരണം. വനാതൃത്തി 29.55 ആയിട്ടുണ്ടെങ്കിലും വനാതൃത്തിക്കുള്ളിൽ വനമല്ലാത്ത സ്ഥലങ്ങളുടെ എണ്ണവും പരിധിയും വർധിച്ചിട്ടുണ്ട്. ഇതുമൂലം ഭക്ഷ്യാവശ്യത്തിന് വേണ്ടിയാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് വരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ ഇക്കാര്യത്തെ തള്ളിക്കളയുന്നില്ല’ മന്ത്രി പറഞ്ഞു.
കുരങ്ങന്മാരുടെ എണ്ണം വളരെ ഏറെ വർധിച്ചിട്ടുണ്ടെന്നും പരിഹാരമായി വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.