സ്വര്‍ണക്കടത്തിന്റെ പേരിലുള്ള തട്ടിക്കൊണ്ടുപോകല്‍ തുടര്‍ക്കഥ,കൊലപാതകം;പുറംലോകമറിയാതെ കണക്കുകള്‍
താമരശ്ശേരി: ജില്ലയില്‍ അനധികൃത സ്വര്‍ണക്കടത്ത് ധനസമ്പാദന മാര്‍ഗമാക്കിയ സംഘങ്ങളുടെ അക്രമങ്ങളുടെയും കാട്ടുനീതിയുടെയും കണക്കുകള്‍ പലതും പുറംലോകമറിയാതെ തേഞ്ഞുമാഞ്ഞുപോവുകയാണ്. സൂപ്പിക്കട സ്വദേശി ഇര്ഷാദിന്റേതുള്പ്പെടെ നാലുകൊലപാതകങ്ങളും ഇരുപതിലേറെ തട്ടിക്കൊണ്ടുപോകലുമെല്ലാം സ്വര്‍ണവും കുഴല്‍പ്പണവും കടത്തിക്കൊണ്ടുവരുന്ന സംഘങ്ങള്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ചെയ്തുകൂട്ടിയിട്ടുണ്ട്.
സ്വര്‍ണത്തിന്റെ അനധികൃത കടത്തുമായി ബന്ധപ്പെട്ട വൈരത്തിന്റെ പേരില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ പരമ്പരയില്‍ ഏറ്റവുമൊടുവിലത്തേതിനാണ് താമരശ്ശേരി കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത്. ബഹ്റൈനില്‍നിന്ന് തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖി (36)നെ രണ്ടുദിവസത്തോളമാണ് കോഴിക്കോട്ടുകാര്‍തന്നെയുള്‍പ്പെട്ട നാലംഗസംഘം ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദിച്ചത്. ഭാഗ്യംകൊണ്ടുമാത്രമാണ് ഷഫീഖിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 22-ന് രാത്രി ഒമ്പതേ മുക്കാലിനായിരുന്നു സ്വര്‍ണക്കടത്ത് സംഘവുമായുള്ള ഗള്‍ഫിലെ ബന്ധുവിന്റെ ഇടപാടിന്റെ പേരില്‍ താമരശ്ശേരി വെഴുപ്പൂരില്‍വെച്ച് അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫ് (55)നെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. 60 മണിക്കൂര്‍ ബന്ദിയാക്കിയ മുഹമ്മദ് അഷ്റഫിനെ 25-ാം തീയതി രാവിലെ ഒമ്പതരയോടെയാണ് സംഘം വിട്ടയച്ചത്. ആ കേസില്‍ മൂന്നുപേര്‍മാത്രമാണ് പിടിയിലായത്. പ്രധാന പ്രതിയായ അലി ഉബൈറാന് ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകലില്‍ നേരിട്ട് പങ്കാളികളായ പ്രതികളിലേറെയും ഇക്കാലമത്രയും ഒളിവില്‍ കഴിഞ്ഞ് മുന്‍കൂര്‍ജാമ്യം നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോവുന്നതിന് ഒരുമാസംമുമ്പ് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ മുതുവണ്ണാച്ച തെക്കേടത്തുകടവില് ഒരു ‘തട്ടിക്കൊണ്ടുപോകല്‍’ ശ്രമം നടന്നിരുന്നു. രണ്ടുസംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നും തെക്കേടത്തുകടവ് സംഭവത്തിലെ തുടര്‍ച്ചയാണ് അവേലത്തെ തട്ടിക്കൊണ്ടുപോകലെന്നും പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഗള്‍ഫിലുള്ള ബന്ധുവുമായി നിലവിലുണ്ടായിരുന്ന സ്വര്‍ണ, സാമ്പത്തിക ഇടപാടിന്റെ പേരില്‍ തെക്കേടത്ത് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ആ കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ അലി ഉബൈറാന് ആയിരുന്നു മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാന പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
ഗള്‍ഫില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുന്ദമംഗലം സ്വദേശിയായ യുവാവിനെ കഴിഞ്ഞ വര്‍ഷം മേയ് 28-ന് അര്‍ധരാത്രി ചുരംപാതയില്വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നറിയിച്ചതോടെയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ തുടര്‍ക്കഥയാവുമ്പോഴും കടത്തിന് നേതൃത്വം നല്‍കുന്നവരുടെ ഉന്നതരാഷ്ട്രീയ സ്വാധീനവും പോലീസ് സേനയിലെത്തന്നെ ഉന്നതബന്ധവും പിടിതരാതെയുള്ള നാടുവിടലും നിയമനടപടികളിലെ പഴുതുകളുമെല്ലാം ആത്മാര്‍ഥതയുള്ള അന്വേഷണോദ്യോഗസ്ഥരെ പലപ്പോഴും നിസ്സഹയാരാക്കുകയാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ച് മര്‍ദിച്ചതായി പരാതി
താമരശ്ശേരി: ബഹ്റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി രണ്ടുദിവസത്തോളം ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദിച്ചതായി പരാതി. മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖിനെയാണ് (36) നാലംഗസംഘം താമരശ്ശേരിയിലെ സ്വകാര്യലോഡ്ജില്‍ തടങ്കലില്‍പാര്‍പ്പിച്ച് മര്‍ദിച്ചത്. അനധികൃതമായി കടത്താന്‍ ഏല്‍പ്പിച്ച സ്വര്‍ണം മറ്റൊരു സംഘത്തിന് കൈമാറിയതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറഞ്ഞു.
തടങ്കലില്‍ കഴിഞ്ഞത് നാല്പത്തിമൂന്നര മണിക്കൂര്‍
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഷഫീഖിനെയുംകൊണ്ട് വലിയപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ പുള്ളാവൂര്‍, എസ്റ്റേറ്റ്മുക്ക് സ്വദേശികളുള്‍പ്പെട്ട നാലംഗസംഘം നേരെ താമരശ്ശേരിയിലെ ലോഡ്ജിലേക്കാണ് പോയത്. അവിടെ തടങ്കലില്‍ കഴിയവേ ലോഡ്ജിലും യാത്രയ്ക്കിടെ കാറിലും തന്നെ സംഘം മര്‍ദിച്ചെന്നും കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് തലയ്ക്ക് കുത്താന്‍ ശ്രമിച്ചെന്നും ഷഫീഖ് പറയുന്നു.
ചെവിക്കുള്‍പ്പെടെ പരിക്കുണ്ട്. ഒമ്പതിന് രാത്രി ലോഡ്ജിലെത്തിച്ച ഷഫീഖിനെ 11-ന് ഉച്ചയോടെയാണ് പുറത്തിറക്കി കൊടുവള്ളി ഭാഗത്തേക്ക് കൊണ്ടുപോയത്. കുറുങ്ങാട്ടക്കടവ് പാലത്തിനുസമീപത്തെ കടയില്‍ ചായ കുടിക്കാനായി നിര്‍ത്തവേയാണ് ഷഫീഖ് വഴുതിമാറിപ്പോയതും നാട്ടുകാരെ വിവരമറിയിച്ച് രക്ഷപ്പെട്ടതും.
കാര്യം തിരക്കാനെത്തിയ നാട്ടുകാരോട് ഷഫീഖ് മാനസിക വെല്ലുവിളിനേരിടുന്നയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ സംഘം ശ്രമിച്ചെങ്കിലും പന്തികേട് തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. ഇതോടെ നാലുപേരും രക്ഷപ്പെടുകയായിരുന്നു.
പ്രതികള്‍ രക്ഷപ്പെട്ടേക്കാമെന്ന വാദം നിരത്തി ആദ്യം സംഭവം രഹസ്യമാക്കിവെച്ച പോലീസ് വ്യാഴാഴ്ചയാണ് പരാതിയില്‍ കേസെടുത്തെന്ന് വെളിപ്പെടുത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ക്കായി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ടി.എ. അഗസ്റ്റിന്, എസ്.ഐ.മാരായ കെ. സത്യന്, രാജീവ് ബാബു, ബിജു, വി.കെ. സുരേഷ്, എ.എസ്.ഐ. ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘം വ്യാഴാഴ്ച തിരച്ചില്‍ നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
എല്ലാം സ്വര്‍ണക്കടത്തിന്റെ പേരില്‍
തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കാണ് ഷഫീഖ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ആറുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയതെന്ന് പോലീസ് പറയുന്നു. ഗള്‍ഫില്‍നിന്ന് ചെറിയ പന്തിന്റെ ആകൃതിയിലാക്കി കോഴിക്കോട്ടേക്ക് കടത്താന്‍ ഏല്‍പ്പിച്ച ഒരു കിലോയ്ക്കടുത്ത് തൂക്കംവരുന്ന മൂന്നു സ്വര്‍ണ ഉരുപ്പടികളില്‍ രണ്ടെണ്ണം ഏല്പ്പിച്ചവര്ക്കുതന്നെ ബഹ്റൈനിലെ വിമാനത്താവളത്തില്‍ കൈമാറിയെന്നും ഒരെണ്ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തെന്നുമായിരുന്നു ഷഫീഖ് സ്വര്‍ണക്കടത്ത് സംഘത്തെ അറിയിച്ചത്.
എന്നാല്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഷഫീഖ് മറ്റൊരു സംഘത്തിനാണ് രണ്ട് ഉരുപ്പടികള്‍ കൈമാറിയതെന്നും ശേഷിക്കുന്ന ഒരെണ്ണം മാത്രമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിച്ചെടുത്തതെന്നും ആരോപിച്ചാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസിന് ലഭിച്ച മൊഴി.ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയായിട്ടില്ല.