മധ്യപ്രദേശ്: പാക്കിസ്ഥാനില്‍ ജനിച്ച് പിന്നീട് ഇന്ത്യന്‍ പൗരത്വം നേടിയ അദ്നാന് സമിക്ക് പത്മശ്രീ നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നടി സ്വര ഭാസ്കര്‍. പൗരത്വ നിയമം പാസാക്കിയതിലൂടെ ഭരണഘടനയോടുള്ള വഞ്ചനയാണു കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ‘സേവ് ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍, സേവ് ദ് കണ്ട്രി’ റാലിയില്‍ സംസാരിക്കവെ സ്വര ആരോപിച്ചു.
‘അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കുന്നതിനും നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നതിനും രാജ്യത്തു നേരത്തേ നിയമങ്ങളുണ്ട്. കേന്ദ്രസര്‍ക്കാര്‍ അദ്നാന് സമിക്കു പൗരത്വം കൊടുത്തു. ഇപ്പോള്‍ അദ്ദേഹത്തിനു പത്മശ്രീയും നല്കി. അങ്ങനെയിരിക്കെ പൗരത്വ ഭേദഗതി നിയമത്തിനു നല്കുന്ന ന്യായീകരണം എന്താണ്?. ഒരു ഭാഗത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മര്‍ദിക്കുന്നു. കുറ്റങ്ങള്‍ ചുമത്തുന്നു, കണ്ണീര് വാതകം പ്രയോഗിക്കുന്നു. എന്നാല്‍ മറ്റൊരു വശത്ത് ഒരു പാക്കിസ്ഥാനിക്ക് പത്മശ്രീ നല്‍കുകയും ചെയ്യുന്നു. സര്‍ക്കാര്‍ തോന്നുന്നപോലെ പ്രതിഷേധക്കാരെ ‘ദേശവിരുദ്ധരായി’ ചിത്രീകരിക്കുന്നു.’ – സ്വര ഭാസ്കര്‍ പറഞ്ഞു.
‘രാജ്യത്തു നുഴഞ്ഞു കയറ്റിയവരെ മാത്രം ശ്രദ്ധിക്കുകയാണ് സിഎഎ, എന്‍ആര്‍സി എന്നിവയെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്നത്. അതാണു കാരണമെങ്കില്‍ നുഴഞ്ഞുകയറ്റക്കാരെയൊന്നും നമുക്കു കാണാന്‍ സാധിക്കുന്നില്ലല്ലോ? സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും മനസ്സുകളിലാണ് ഇവര്‍ അതിക്രമിച്ചു കയറിയത്. സര്‍ക്കാരും ബിജെപിയും പാക്കിസ്ഥാനുമായി പ്രണയത്തിലാണെന്നാണു തോന്നുന്നത്. എല്ലായിടത്തും പാക്കിസ്ഥാനെയാണു കാണുന്നത്.’ – സ്വര ഭാസ്കര്‍ പറഞ്ഞു..’