മദ്യവും പണവും കൈക്കൂലി വാങ്ങി; ഗ്രേഡ് SI അറസ്റ്റില്‍, പിടിയിലായത് സ്ഥലംമാറ്റം കിട്ടിയ ഉടനെ
കോട്ടയം: കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ. അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ. വി.എച്ച്. നസീറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍നിന്ന് വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് 2000 രൂപയും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തു.
കഴിഞ്ഞദിവസം ആര്‍പ്പൂക്കര തൊണ്ണംകുഴിയില്‍ പരാതിക്കാരന്റെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് 10,000 രൂപ നല്കി കേസ് ഒത്തുതീര്‍പ്പാക്കി. എന്നാല്‍, അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് അരലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. പിറ്റേന്ന് സ്റ്റേഷനില്‍ എത്തണമെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണവും മദ്യവും വേണമെന്നും എസ്.ഐ. ആവശ്യപ്പെടുകയായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷനില്‍നിന്ന് നടപടിക്ക് വിധേയനായി ഗാന്ധിനഗറില്‍ സ്ഥലം മാറിയെത്തിയതായിരുന്നു നസീര്‍.