യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാർ, മാതാവിനെതിരെ അന്വേഷണം
നെടുമങ്ങാട്: കഴിഞ്ഞ ഞായറാഴ്ച്ച പനയ്ക്കോട് പാമ്പൂരില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ. പാമ്പൂരിലെ സുജയുടെ മകള്‍ ആശാമോളുടെ (21) മരണത്തിലാണ് നാട്ടുകാർ സംശയമുന്നയിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 15 പേര് ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്കി.
മാതാവില്‍നിന്ന് കുട്ടി നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ.
രണ്ടുവര്ഷംമുന്പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യാ ശ്രമം നടത്തിയ കുട്ടിയെ വഴിയാത്രക്കാര്‍ കണ്ടെത്തുകയും വലിയമല പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ കൊണ്ടുവന്ന് മാതാവിന് താക്കീത് നല്‍കിയിരുന്നു.
സംഭവദിവസം വീട്ടില്‍ ആശയും ആശയുടെ അനിയന്മാരും മാത്രമാണുണ്ടായിരുന്നത്. ആശയുടെ ഏഴുവയസ്സുകാരനായ അനിയന്, ചേച്ചിയെ രാവിലെ അമ്മ അടിച്ചതായി നാട്ടുകാരോട് പറഞ്ഞിരുന്നു. സംഭവത്തിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കായിരുന്നുവെന്നും വിവരങ്ങളുണ്ട്.
പരാതി കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ആശ കൗണ്‍സിലിങ്ങിന് പോയിരുന്ന ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. തൊളിക്കോട് പഞ്ചായത്തിലെ ബാലസഭയുടെ റിസോഴ്സ് പേഴ്സണാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയായ സുജ.