കുട്ടികളിലെ വിളർച്ചക്ക് വിരകളും കാരണം; ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാൻ 17-ന് വിര ഗുളിക നൽകും
കണ്ണൂർ: വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഒന്നുമുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് 17-ന് വിര ഗുളിക നൽകും. കുട്ടികളിൽ ആരോഗ്യവും ഉൻമേഷവും ഏകാഗ്രതയും വീണ്ടെടുക്കാമെന്ന സന്ദേശവുമായിട്ടാണിത്. കുട്ടികളിൽ കാണുന്ന വിളർച്ചക്ക് വിരകളും കാരണമാകുന്നുണ്ട് എന്നതിനാൽ പദ്ധതിക്ക് പ്രാധാന്യമേറെയാണ്.
ജില്ലയിൽ 6,15,697 കുട്ടികൾക്കാണ് അൽബൻഡസോൾ ഗുളിക നൽകുക. ഇതിനായി 6,28,000 ഗുളികകൾ എത്തിച്ചു. അങ്കണവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഗുളിക വിതരണം. അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്ക് സ്കൂളിലും ഒന്നുമുതൽ അഞ്ചുവയസ്സു വരെയുള്ള കുട്ടികൾക്ക് അങ്കണവാടികളിൽനിന്നുമാണ് ഗുളിക നൽകുക. സ്കൂളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും 19-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടിയിൽനിന്ന് ഗുളിക നൽകും.
1455 സ്കൂളുകളിൽ
284 സർക്കാർ സ്കൂളുകൾ, 958 എയ്ഡഡ്, 57 അൺ എയ്ഡഡ്, 156 എച്ച്.എസ്.എസ്. എന്നിങ്ങനെ 1455 സ്കൂളുകളിൽനിന്ന് ഗുളിക വിതരണംചെയ്യും. 2504 അങ്കണവാടികൾ മുഖേനയും. വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്. 17-ന് ഗുളിക കഴിക്കാൻ കഴിയാത്ത കുട്ടികൾ ഈ മാസം 24-ന് ഗുളിക കഴിക്കണം.
എങ്ങനെ കഴിക്കാം
ഗുളിക ചവച്ചുകഴിക്കണം.
ഒരുവയസ്സിനും രണ്ട് വയസ്സിനും മധ്യേയുള്ള കുട്ടികൾക്ക് പകുതി ഗുളിക.
രണ്ട് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു മുഴുവൻ ഗുളിക.
എന്തെങ്കിലും അസുഖമുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്.
വിരകൾ വരുന്നവഴി
കുട്ടികൾ മണ്ണിൽ കളിക്കുന്നസമയത്തോ മണ്ണുമായുള്ള സമ്പർക്കിലൂടെയോ ആണ് വിരകൾ/മുട്ടകൾ ശരീരത്തിലെത്തുന്നത്. നഖത്തിലൂടെ അല്ലെങ്കിൽ കൈകാലുകളിലെ ചെറുമുറിവുകളിലൂടെയൊക്കെയാകാം. ഭക്ഷണപദാർഥങ്ങളിലെ ശുചിത്വമില്ലായ്മ പ്രശ്നമാണ്. വ്യക്തി ശുചിത്വം പ്രധാനമാണ്.