മേൽപ്പറമ്പ് കട്ടക്കാലിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കാൻ ആർടിഒ; റോഡ് സുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി പിഡബ്ല്യുഡി.
കാസർകോട്: കഴിഞ്ഞദിവസം ബിഎൻസി സ്പെഷ്യൽ റിപ്പോർട്ടിലൂടെ മേൽപറമ്പ് കട്ടക്കാലിലെ അപകടങ്ങളെ കുറിച്ചുള്ള സാമൂഹിക പ്രവർത്തകരുടെ പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. വാർത്ത വലിയ രീതിയിൽ ചർച്ചയായതോടുകൂടി അടിയന്തര നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മേൽപ്പറമ്പ് കട്ടക്കാൽ കളനാട് എന്നിവിടങ്ങളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കാൻ ആർടിഒ അടിയന്തര ശുപാർശ നൽകി കഴിഞ്ഞു. ഏറ്റവും വേഗത്തിൽ തന്നെ ഈ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ മുൻകൈ എടുക്കുമെന്ന് ആർടിഒ ഡേവിസ് എം ടി അറിയിച്ചു.
അതേസമയം തന്നെ പിഡബ്ല്യുഡി കാസർകോട് കാഞ്ഞങ്ങാട് കെ എസ് ടി പി(കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ്) പാതയിൽ റോഡ് സുരക്ഷയ്ക്ക് മാത്രമായി വിപുലമായ പദ്ധതി ഉടന് തയ്യാറാക്കുമെന്നും എ ഇ വിനോദ് കുമാർ അറിയിച്ചു.
മാത്രമല്ല ഏഴു വർഷത്തെ പരിപാലനം ഉൾപ്പെടെ 80 കോടിയോളം രൂപ വരുന്ന മറ്റൊരു പദ്ധതിയും ടെൻഡർ നടപടികളിലാണ്.
കാസർകോട് കാഞ്ഞങ്ങാട് ,ചെർക്കള ജാൽസൂർ ഉൾപ്പെടെയുള്ള മൂന്നോളംകെ എസ് ടി പി പദ്ധതികളുടെ ഏഴു വർഷത്തെ നവീകരണത്തിനുള്ള പദ്ധതിയാണ് ഇത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ നിലവിൽ പിഡബ്ല്യുഡിയുടെ കൈവശമുള്ള കെഎസ്ടിപി പാത കെഎസ്ടിപി അതോറിറ്റിക്ക് തന്നെ തിരിച്ചു നൽകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ലോറികൾ തമ്മിൽ മുഖാമുഖം ഇടിച്ച് ഒരു ജീവൻ കൂടി നഷ്ടമായതോടെ ഇവിടെ നടക്കുന്ന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നിരുന്നു. നേരത്തെ നിരവധി പരാതികൾ ഉയർന്നു വന്നിട്ടും വലിയ രീതിയിലുള്ള ഇടപെടലുകൾ ഇല്ലാത്തതിനാൽ പ്രശ്നപരിഹാരം ഉണ്ടായിരുന്നില്ല.
ഇതോടെയാണ് സാമൂഹ്യപ്രവർത്തകരായ അഷ്റഫ് ഇംഗ്ലീഷ് പ്രവാസിയായ സൈഫുദ്ദീൻ കട്ടക്കാൽ ഇസഹാക്ക് കുരിക്കൾ സലാം കൊമു റോഡ് ദുരന്തത്തിന്റെ ഇരയായ കമലഹാസൻ കട്ടക്കൽ തുടങ്ങിയവർ ബിഎൻസി സ്പെഷ്യൽ റിപ്പോർട്ടിലൂടെ രൂക്ഷ പ്രതികരണങ്ങളുമായി മുന്നോട്ടുവന്നത്.
തുടർച്ചയായി നടക്കുന്ന അപകടങ്ങൾക്ക് പിന്നിൽ മറ്റു അദൃശ്യ ശക്തികൾ ഉണ്ടെന്ന് പ്രചരണം മലപ്പുറം കോഴിക്കോട് ജില്ലകളിൽ പടർന്നിരുന്നു. കട്ടക്കാലിൽ അപകടം നടന്ന വാഹനമായി ബന്ധപ്പെട്ടവരാണ് ഇത്തരത്തിൽ ഒരു പ്രചരണത്തിന് തുടക്കം കുറിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ അത്തരം പ്രേത കഥകൾക്കൊന്നും അടിസ്ഥാനം ഇല്ലെന്നും സ്പീഡ് കുറച്ച് പോയാൽ അപകടം സംഭവിക്കില്ലെന്ന് നാട്ടുകാരും വ്യക്തമാക്കി.
അപകടങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അഷ്റഫ് ഇംഗ്ലീഷ് സംസ്ഥാനപൊതുമരാമത്ത് വിഭാഗത്തിനും ജില്ലയിലെ ആർടിഒക്കും പരാതി നൽകിയിരുന്നു.
അതേസമയം ആധുനിക റോഡുകളിൽ വേഗത്തിൽ ഓടിക്കാൻ സാധിക്കുന്നു എന്നുള്ളത് ഒരു അവകാശമായി എടുക്കരുതെന്നും റോഡുകളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു വേണം വാഹനങ്ങൾ ഓടിക്കാൻ എന്നും ആർടിഒ ഡേവിസ് എം ടി അഭ്യർത്ഥിച്ചു.