ഭക്ഷണം കഴിക്കുമ്പോൾ തുറിച്ചു നോക്കി, വെട്ടുകത്തിയുമായി ദേശീയപാതയിൽ യുവാവിന്റെ പോർവിളി; ഗതാഗതക്കുരുക്ക്
പാറശാല∙ദേശീയപാതയിൽ അരമണിക്കൂറോളം വെട്ടുകത്തിയുമായി യുവാവിന്റെ പോർവിളി. ഉദിയൻകുളങ്ങര ജംക്ഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ജംക്ഷനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ തുറിച്ചു നോക്കി എന്ന് ആരോപിച്ചാണ് കൊച്ചോട്ടുകോണം സ്വദേശി മനുവും പാറശാല കരുമാനൂർ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ അരുൺ, ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നിവരും തമ്മിൽ വഴക്ക് തുടങ്ങുന്നത്.
വാക്കേറ്റം രൂക്ഷമായി ഹോട്ടലിനു പുറത്തെത്തിയ ഇരുവരും തമ്മിൽ നടന്ന കയ്യാങ്കളിക്കിടെ തെങ്ങു കയറ്റ് തൊഴിലാളിയായ മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി എടുത്ത് വീശിയതിനെത്തുടർന്ന് അരുണിനു നേരിയ പരുക്കേറ്റു. കല്ലു കൊണ്ടുള്ള ഇടിയിൽ മനുവിനും പരുക്കുണ്ട്. അസഭ്യവർഷം രൂക്ഷമായതോടെ വഴിയാത്രികർ തടിച്ച് കൂടിയത് അൽപനേരം റോഡിലെ ഒരു ഭാഗത്ത് ഗതാഗത തടസ്സത്തിനും ഇടയാക്കി. റോഡിലെ തിരക്ക് കണ്ട് ഇതുവഴി എത്തിയ പിങ്ക് പൊലീസിലെ വനിത ഉദ്യോഗസ്ഥർ മനുവിൽ നിന്ന് വെട്ടുകത്തി പിടിച്ച് വാങ്ങിയെങ്കിലും പിൻവാങ്ങാൻ ഇരുവരും തയാറായില്ല.
അസഭ്യവർഷവും പോർവിളിയും തുടർന്നപ്പോൾ വനിത പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്ന സ്ഥിതിയായിരുന്നു. വിവരം പാറശാല സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഇരുപത് മിനിറ്റിനു ശേഷം ആണ് പൊലീസ് എത്തിയത്. ഇതിനിടയിൽ പരുക്കേറ്റ ഒരാൾ ഒാട്ടോയിൽ കയറി കടന്നിരുന്നു. ആദ്യഘട്ടത്തിൽ സ്റ്റേഷനിൽ കൊണ്ടുപോകാൻ പൊലീസ് തയാറായില്ലെങ്കിലും കണ്ടുനിന്നവർ പ്രതിഷേധിച്ചതോടെ ആണ് വാഹനത്തിൽ കയറ്റിയത്.