കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ വ്യാജ ബോംബ് ഭീഷണി: മദ്യലഹരിയില്‍ തമാശയ്ക്ക് ഫോണ്‍ ചെയ്തതെന്ന് പ്രതി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ സിറ്റി നാലുവയലിലെ പനങ്ങാടന്‍ ഹൗസില്‍ പി.എ.റിയാസ് (29) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇയാള്‍ പോലീസ് കണ്ട്രോള് റൂമിലേക്ക് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പോലീസും ആര്.പി.എഫും സംയുക്തമായി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വന്‍ പോലീസ് സംഘത്തെ കണ്ട യാത്രക്കാര്‍ ഭീതിയിലായി.
ഇതിനിടെ സന്ദേശം ലഭിച്ച ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശമാണെന്ന് പോലീസിന് ബോധ്യമായത്. ഫോണ്‍ ലൊക്കേഷന്‍ കണ്ണൂര്‍ സിറ്റിയാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ടൗണ്‍ എസ്.ഐ. സി.എച്ച്.നസീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറ്റിയിലെത്തി ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് സിമ്മിന്റെ ഉടമയെ കണ്ടെത്തി. എന്നാല്‍ ഇയാള്‍ ഒരാഴ്ചമുന്പ് ഫോണും സിമ്മും റിയാസിന് വിറ്റതായി അന്വേഷണത്തില്‍ മനസ്സിലായി. തുടര്‍ന്ന് കസ്റ്റഡിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് റിയാസാണ് ഫോണ്‍വിളിയുടെ പിന്നിലെന്ന് തിരിച്ചറിഞ്ഞത്. മദ്യലഹരിയില്‍ തമാശയ്ക്ക് ചെയ്തതാണെന്ന് പോലീസിനോട് പറഞ്ഞു. ഫോണ്‍ വിളിച്ചശേഷം സിംകാര്‍ഡ് അഴിച്ചുമാറ്റി നശിപ്പിച്ചു. കണ്ണൂരിലെ ഒരു ഫ്ലാറ്റില്‍ ശുചീകരണത്തൊഴിലാളിയാണ് റിയാസ്.