തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ചില ആയുർവേദ മാർഗങ്ങൾ
പ്രതിരോധ സംവിധാനത്തിന്റെ ശക്തി അൽപം ക്ഷയിക്കുന്ന സമയമാണ് തണുപ്പ് കാലം. അതിനാൽ പലവിധത്തിലുള്ള രോഗങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടാകാം. അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള നടപടികൾ തണുപ്പ് കാലത്ത് കൈക്കൊള്ളേണ്ടതാണ്. ഇതിന് ഏറ്റവും സഹായകം ചില ആയുർവേദ മാർഗങ്ങളാണ്.
ആയുർവേദ വിധിപ്രകാരം പല രോഗങ്ങളുടെയും ഉൽപത്തി നമ്മുടെ ദഹനസംവിധാനത്തിൽ നിന്നാണ്. ആകമാനമുള്ള ആരോഗ്യത്തിന് ദഹനവ്യവസ്ഥ ശക്തമാക്കി വയ്ക്കണമെന്ന് ആയുർവേദം പറയുന്നു. എല്ലാം ദഹിപ്പിക്കുന്ന അഗ്നിയായി ആയുർവേദം ദഹനസംവിധാനത്തെ വിശേഷിപ്പിക്കുന്നു. ചില ഭക്ഷണവിഭവങ്ങൾ ഈ അഗ്നിയെ കെടുത്തുന്നത് ശരീരത്തിൽ വിഷാംശങ്ങൾ അടിഞ്ഞ് പലതരം രോഗങ്ങളിലേക്ക് നയിക്കുന്നതായി ആയുർവേദ വിദഗ്ധർ പറയുന്നു.
ദഹന അഗ്നിയെ ജ്വലിപ്പിച്ചു കൊണ്ടിരിക്കാൻ നെല്ലിക്ക, ഈന്തപ്പഴം, വെണ്ണ, നെയ്യ്, ശർക്കര, തുളസി, മഞ്ഞൾ, ഇഞ്ചി പോലുള്ള വിഭവങ്ങൾക്ക് സാധിക്കുമെന്ന് ആയുർവേദ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് സമയത്ത് കാഥ എന്ന ആയുർവേദ ഹെർബൽ ചായയുടെ ഉപയോഗം പതിവാക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം അടക്കമുള്ളവർ നിർദേശിച്ചിരുന്നു. തുളസി, ഇഞ്ചി, മഞ്ഞൾ, ചിറ്റമൃത്, കുരുമുളക്, ഇരട്ടിമധുരം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയെല്ലാം ചേർത്തുണ്ടാക്കുന്ന കാഥ ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനവ്യവസ്ഥയെ ശക്തമാക്കാനും ശ്വാസകോശ പ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും കാഥ ഉത്തമമാണ്.
പഞ്ചകർമ തെറാപ്പിയുടെ ഭാഗമായ നസ്യതെറാപ്പിയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ നിർദേശിക്കപ്പെടുന്നു. വെറും വയറ്റിൽ, കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഇത് ചെയ്യേണ്ടത്. കിടന്ന് കൊണ്ട് തല പിന്നാക്കം വച്ച് മൂക്കിലേക്ക് നാലഞ്ച് തുള്ളി വെളിച്ചെണ്ണ ഇറ്റിക്കണം. എള്ളെണ്ണയും നെയ്യും വെളിച്ചെണ്ണയ്ക്ക് പകരം വേണമെങ്കിൽ ഉപയോഗിക്കാം.
വെളിച്ചെണ്ണയോ എള്ളെണ്ണയോ അരിമേദാദി തൈലമോ ഉപയോഗിച്ച് വായ കുലുക്കുഴിയുന്ന ഓയിൽ പുള്ളിങ് തെറാപ്പി വായിലെ ഹാനികരമായ ബാക്ടീരിയകളെയും മറ്റ് അണുക്കളെയും നശിപ്പിക്കുന്നു. ഇതും ആയുർവേദ വിധിപ്രകാരം പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്നു.