തല്ലുകേസില്‍ സ്റ്റേഷനില്‍, തിരിച്ചുതല്ലാന്‍ SI-യുടെ നിര്‍ദേശം, ഒടുക്കം വാദി പ്രതിയും പ്രതി വാദിയും
അഞ്ചാലുംമൂട് (കൊല്ലം): പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് പ്രതിയെ തിരിച്ചുതല്ലി പ്രശ്നം തീര്‍ക്കാന്‍ എസ്.ഐ.യുടെ ഉപദേശം. എസ്.ഐ.യെ അനുസരിച്ച വാദി, പ്രതിയെ തല്ലിയതോടെ എസ്.ഐ.യുടെ ഒത്തുതീര്‍പ്പ് വിവാദവുമായി. വാദിതന്നെ തല്ലുകേസില്‍ പ്രതിയുമായി. ചൊവ്വാഴ്ചയാണ് സംഭവം.
തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യന്‍ (19) തന്നെ അടിച്ചതായി പ്രാക്കുളം സ്വദേശിയായ രാഹുല്‍ (22) അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതിനല്‍കി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്.ഐ. ജയശങ്കര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്.ഐ.യുടെ ചോദ്യംചെയ്യലില്‍ അടികൊണ്ട കാര്യം രാഹുല്‍ പറഞ്ഞു. അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്നായി എസ്.ഐ.യുടെ ഒത്തുതീര്‍പ്പ് നിര്‍ദേശം. തുടര്‍ന്ന് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ എസ്.ഐ. ആവശ്യപ്പെട്ടു. എസ്.ഐ.യുടെ സാന്നിധ്യത്തില്‍ രാഹുല്‍ സെബാസ്റ്റനെ ചെകിട്ടത്ത് അടിച്ചു.
രാഹുല്‍ ബി.ജെ.പി. പ്രവര്‍ത്തകനും സെബാസ്റ്റ്യന്‍ ഡി.വൈ.എഫ്.ഐ. അനുഭാവിയുമാണ്. ഒത്തുതീര്‍പ്പിന്റെ പേരില്‍ കിട്ടിയ അടിയുടെ കാര്യം സെബാസ്റ്റ്യന്‍ നേതാക്കളെ അറിയിച്ചു. പിന്നീട് സെബാസ്റ്റ്യന്‍ ജില്ലാ പോലീസ് മേധാവിക്കും അഞ്ചാലുംമൂട് പോലീസിലും പരാതി നല്കി. സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. സ്റ്റേഷനിലെത്തി അന്വേഷണം നടത്തി.
സെബാസ്റ്റ്യനെ തല്ലിയതിന് രാഹുലിന്റെപേരില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. എസ്.ഐ.യുടെ നിര്‍ദേശം അനുസരിച്ച വാദി ഇതോടെ പ്രതിയായി.