സ്ത്രീവേഷം ധരിച്ച് വിനീത് കറങ്ങി നടക്കുന്നത് ചെടിയുള്ള വീടുകളിൽ മാത്രം, ആന്തൂറിയം വീക്ക്നെസ്
നെയ്യാറ്റിൻകര: രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം ചവറ വില്ലേജിൽ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴി വിസിനിയിൽ ഗ്രീൻ ഹൗസിൽ ഐ.ആർ.ഇ റിട്ട.ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ നട്ടുവളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ മോഷ്ടിച്ചത്.
അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ൽ രാഷ്ട്രപതിയുടെ അവാർഡ് നേടിയവരാണ് ജപമണിയും ഭാര്യ വിലാസിനി ഭായിയും. 2011 മാർച്ചിലും കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തിന് ശേഷം പ്രതി ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. സോഷ്യൽ മീഡിയാ വഴിയാണ് പ്രതി ചെടികൾ വിറ്റഴിച്ചിരുന്നത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പ്രതി മുൻപും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആർ.സജീവ്,അസി.പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, അജിതകുമാരി,സിവിൽ പൊലീസ് ഓഫീസർ രതീഷ് .എ.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.