പൊട്ടിത്തെറിക്കാതെ സൈനികന്റെ നെഞ്ചിൽ തുളച്ച് കയറിയ ഗ്രനേഡ് ഡോക്ടർ ജീവൻ പണയം വച്ച് നീക്കം ചെയ്തു
കീവ് : പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ള ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് യുക്രെയിനിലെ സർജൻ. പൊട്ടിത്തെറിക്കുന്നതിന് മുൻപാണ് ഗ്രനേഡ് സൈനികന്റെ നെഞ്ചിൽ തുളഞ്ഞ് കയറിയത്. ശരീരത്തിനുള്ളിൽ വച്ച് പൊട്ടാതിരുന്ന ഗ്രനേഡ് ഏറെ അപകടസാദ്ധ്യതയുള്ള ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർ ആൻഡ്രി വെർബ നീക്കം ചെയ്തത്. സൈനികന്റെ നെഞ്ചിൽ ഗ്രനേഡ് സ്ഥിതിചെയ്യുന്ന എക്സ്റേ ചിത്രം യുക്രെയിൻ സൈന്യം പുറത്ത് വിട്ടിരുന്നു. വിജയകരമായ ശസ്ത്രക്രിയയെ തുടർന്ന് സൈനികന്റെ ജീവൻ രക്ഷിക്കാനും ഡോക്ടർക്കായി.എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിലായിരുന്നു ഗ്രനേഡെന്ന് സൈന്യം അറിയിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് സൈന്യത്തിലെ സർജനായ മേജർ ജനറൽ വെർബ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. രണ്ട് സൈനികരുടെ സാന്നിദ്ധ്യത്തിലാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കയ്യിൽ കൊണ്ട് നടക്കാവുന്ന ലോഞ്ചറിൽ നിന്ന് ശത്രുസൈന്യം തൊടുത്തുവിട്ട ഗ്രനേഡാണ് യുക്രെയിൻ സൈനികന്റെ നെഞ്ചിൽ തുളഞ്ഞ് കയറിയത്. കിഴക്കൻ യുക്രെയിനിലെ സോൾഡാർ പട്ടണത്തിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.